പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരങ്ങളുള്ള പ്രധാന മണ്ഡലങ്ങളിൽ ഒന്നായ കോട്ടയം ജില്ലയിലെ പാലാ നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ഏകദേശം വ്യക്തമായി കഴിഞ്ഞു.

പാർട്ടിക്കുളിലും പ്രവർത്തകർക്കുള്ളിലും വോട്ടർമാർക്കും ഉറപ്പായി കഴിഞ്ഞു ഇത്തവണ പാലായിലെ പോരിനിറങ്ങുന്നത് ആരൊക്കെയെന്ന്. യു ഡി എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും ബി ജെ പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജും മത്സരരംഗത്തിറങ്ങും. മാണി സി കാപ്പനും ജോസ് കെ മാണിയും നേർക്കുനേർ പോരാട്ടത്തിന് കളമൊരുക്കുമ്പോൾ ഷോൺ ജോർജ്ജ് മത്സരരംഗത്തെത്തുന്നതോടെ ത്രികോണ പോരാട്ടം ശക്തമാകും. യു ഡി എഫ് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ യു ഡി എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ രംഗത്തുണ്ടാകുമെന്നു നൂറു ശതമാനം ഉറപ്പിക്കാം. കെ എം മാണി വർഷങ്ങളായി വിജയിച്ചു വന്ന സീറ്റ് 2019 ലെ പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ സ്വന്തമാക്കുകയായിരുന്നു. ഒന്നര വർഷത്തിനിപ്പുറം 2021ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സാഹചര്യം മാറി. കെ എം മാണിയുടെ പാർട്ടി എൽഡിഎഫിലെത്തി. സിറ്റിങ്ങ് എംഎൽഎ മാണി സി കാപ്പനെ വെട്ടി ഇടത് മുന്നണി ജോസ് കെ. മാണിയെ പാലിയിലിറക്കി. ഇതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട മാണി സി കാപ്പനെ, ഒപ്പം കൂട്ടി യുഡിഎഫ് ജോസിനെതിരെയിറക്കി. സംസ്ഥാനാത്താകെ ഇടത് കാറ്റ് വീശിയടിച്ചിട്ടും ജോസ് കെ.മാണി 15378 വോട്ടിന് മാണി സി കാപ്പനോട് തോറ്റു. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഗ്രാഫിലടക്കം ഇടിവ് ഉണ്ടാക്കിയ കനത്ത തോൽവിയായിരുന്നു അത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് തൊണ്ണൂറ്റിയൊൻപത് ശതമാനവും ഉറപ്പായിക്കഴിഞ്ഞു. നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനും കൈവിട്ട പാലാ സീറ്റ് തിരികെ കേരളാ കോൺഗ്രസ്സ് എമ്മിൽ എത്തിക്കാനുമുള്ള മത്സരമാണ് ജോസ് കെ മാണി നടത്തുക. ഇക്കുറി കാപ്പനെ തോൽപ്പിച്ച് പാലാ തിരിച്ച്പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എൽ ഡി എഫിലും ജോസ് കെ മാണിയോടുള്ള താല്പര്യം വർധിച്ചിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി. കൂടുതൽ സമയവും പാലായുടെ പ്രവർത്തന മണ്ഡലങ്ങളിൽ സജീവമായിരുന്നു ജോസ് കെ മാണി. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പാലായ്ക്ക് കൂടുതൽ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യസഭാ എം പി എന്ന നിലയിൽ ലഭിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ചിലവഴിച്ചിരിക്കുന്നതും പാലായിലാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രി എന്നത് ഉയർത്തിയാണ് മാണി സി കാപ്പന്‍റെ പ്രചരണം. കഴിഞ്ഞു പോയ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും പ്രതീക്ഷ കൂട്ടുന്നു. അതേസമയം ബിജെപി യും പാലായിൽ ശക്തമായ വോട്ട് പോരാട്ടത്തിനാണ് ലക്‌ഷ്യം വെയ്ക്കുന്നത്. കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് പാലാ. ഷോൺ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഇതുവരെയുള്ള ഷോണിന്റെ പ്രവർത്തന മികവും മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടും വ്യക്തിപരമായ വോട്ടും ബിജെപി ലക്‌ഷ്യം വെക്കുന്നുണ്ട്. പാലായിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമെങ്കിൽ ഷോൺ പിടിക്കുന്ന വോട്ടുകൾ ജയപരാചയത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ മൂന്നു മുന്നണി സ്ഥാനാർത്ഥികളും മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

