എരുമേലി: ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയുടെ കവാടമായ എരുമേലിയിൽ ശബരി റെയിൽവേയും ശബരി വിമാനത്താവളവും പൂർത്തിയാകുന്നതോടെ വികസന സ്വപ്നങ്ങളിൽ എരുമേലി സ്മാർട്ട് സിറ്റിയാകുന്നു. ദീർഘനാളുകളായുള്ള മലയോര മേഖലയുടെയും സമീപ ജില്ലക്കാരുടെയും എരുമേലിയുടെയും വികസന സ്വപ്‌നങ്ങൾ വീണ്ടും തളിർത്തു തുടങ്ങി.

റെയിൽവേ സ്റ്റേഷനും വിമാനത്താവളവും എത്തുന്നതോടെ വ്യാപാര-വാണീജ്യ മേഖലകളിലും പുത്തൻ ഉണർവ്വ് ഉണ്ടാകും. ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാനസർക്കാർ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്തോടെ 27 വർഷത്തെ കാത്തിരിപ്പിന് വിരാമം ആകുന്നത്. പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. അങ്കമാലി–എരുമേലി പാത പൂർത്തിയാകുമ്പോൾ എരുമേലി ഒരു പ്രധാന ടെർമിനൽ സ്റ്റേഷനായി മാറും. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും ഇവിടെ നിന്നുമാകും. ഇതിനാൽ മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് എരുമേലിയിൽ കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരും. ശബരിമല തീർത്ഥാടനത്തിനും, മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കാർഷിക- ടൂറിസം മേഖലകളുടെ വലിയ മുന്നേറ്റത്തിനും ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന പ്രവർത്തനമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പാത. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഇത്തവണ 4.96 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ശബരിമല വിമാനത്താവള ഭൂമി ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. ഭൂമിയേറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്. വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി പറഞ്ഞു. എന്നിരുന്നാലും രണ്ടു പദ്ധതികളും യാഥാർഥ്യമായാൽ എരുമേലിയുടെ മുഖച്ഛായ തന്നെ മാറുമെന്നതിൽ സംശയമില്ല.
