വൈക്കം സ്റ്റേഷനിലേക്ക് 3 സോളാർ ബോട്ടുകൾ കൂടി എത്തി, രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനായി വൈക്കം.


വൈക്കം: തവണക്കടവ്-വൈക്കം ജലപാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജ്ജവത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നടന്നു. 

 

 വെള്ളിയാഴ്ച വൈകീട്ട് നാലിന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സി.കെ.ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുതിയ 3 ബോട്ടുകൾ കൂടി എത്തിയതോടെ 4 സോളർ ബോട്ടുകൾ വൈക്കത്ത് സർവീസ് നടത്തും. 2017 ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ 'ആദിത്യ' വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകൾ അനുവദിച്ചത്. സോളാർ ബോട്ടുകൾക്ക് അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാതെ സർവീസ് നടത്താനാകും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവുമില്ല. പരമ്പരാഗത സർവിസിനെ അപേക്ഷിച്ച് കുലുക്കവും അറ്റകുറ്റപ്പണികളും കുറവാണ്. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ എത്തിയത്. ഇതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനായി വൈക്കം മാറി. ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഒരു ബോട്ടിൽ 75 പേർക്ക് യാത്ര ചെയ്യാൻ കഴിയും. ഡീസൽ ബോട്ടുകൾക്ക് പകരമായി സോളാർ ബോട്ടുകൾ എത്തുമ്പോൾ  വേമ്പനാട്ടു കായലിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകും. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വർഷങ്ങം കൊണ്ടു തന്നെ ബോട്ടുകളുടെ നിർമ്മാണ ചിലവ് തിരിച്ചു പിടിക്കാനാവും എന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.