പാലായിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്ത നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ വ്യാപകമായ സൈബർ ആക്രമണം.


പാലാ: പാലായിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്ത നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ വ്യാപകമായ സൈബർ ആക്രമണം. വ്യക്തിപരമായ അധിക്ഷേപവും വ്യാജ പ്രചാരണവുമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

 

 പാലായിലെ പ്രമുഖ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായ ഈസാ ഗ്രാഫിക്സിൽ പ്രിന്റിങ് സംബന്ധമായുള്ള പുതിയ മെഷീൻ സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കാൻ എത്തിയതായിരുന്നു പാലാ നഗരസഭ ചെയർപേഴ്സൺ ദിയ. ഉത്‌ഘാടന ചടങ്ങിൽ സ്ഥാപന ഉടമയുടെ സുഹൃത്തായ ബിജെപി നേതാവ് ഷോൺ ജോർജും പങ്കെടുത്തിരുന്നു. ചടങ്ങിൽ വെഞ്ചരിപ്പിനായി വൈദികനും ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വ്യാപാരി സുഹൃത്തുക്കളും മറ്റു പ്രമുഖരും പങ്കെടുത്തിരുന്നു. ഉത്ഘടനത്തിനു ശേഷം ദിയയ്‌ക്കൊപ്പം എടുത്ത ഫോട്ടോകളിൽ ഒന്നാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നെറികെട്ട രാഷ്ട്രീയ കളി കളിക്കുന്നത് ഇടതു പക്ഷ കേന്ദ്രങ്ങളും കേരളാ കോൺഗ്രസ്സ് മാണി വിഭാഗവുമാണെന്നാണ് സംസാരം. വർഷങ്ങളായി കയ്യിലിരുന്ന നഗരസഭാ ഭരണം കൈവിട്ടതിന്റെ അമർഷമാണ് ഇപ്പോൾ ഇത്തരം തരം താഴ്ന്ന രീതിയിൽ എതിരാളികൾ പ്രവർത്തിക്കുന്നത് എന്നാണു ദിയയ്ക്ക് ഒപ്പമുള്ളവർ പറയുന്നത്. നഗരസഭ ചെയർപേഴ്സൺ ബിജെപി നേതാവിനൊപ്പം ചടങ്ങിൽ പങ്കെടുത്തത് നഗരസഭയിലെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി എന്ന് യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജുകളുണ്ട് എന്നും യുഡിഎഫ് സപ്പോർട്ടോടുകൂടി ഭരണത്തിലെത്തി ബിജെപി ക്ക് വഴിമാറുകയാണെന്നുമുള്ള ആരോപണങ്ങളാണ് നടക്കുന്നത്. കേരളാ കോൺഗ്രസ്സ് എമ്മിന്റെ സിരാകേന്ദ്രമായ പാലായിൽ നഗരസഭാ ഭരണം കൈവിട്ടുപോയത് മാണി ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഐക്യം തർക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനു പിന്നിലെന്ന് യുഡിഎഫ് വൃത്തങ്ങൾ സൂചിപ്പിച്ചു.