കോട്ടയം: കോട്ടയം നഗരസഭയുടെ തിരുനക്കര വാർഡിലേയ്ക്ക് മത്സരിക്കുകയാണ്ല തികാ സുഭാഷ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തന്ന ഉത്തരവാദിത്വം (ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ ചെയർപേഴ്സൺ) പരമാവധി നല്ല രീതിയിൽ കൊണ്ടു പോകാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പാർട്ടിയും മുന്നണിയും തന്നെ ഇവിടെ മത്സരത്തിന് നിയോഗിക്കുന്നത് എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഏറ്റവും സാധാരണക്കാരനായ ഒരു പൊതുമരാമത്ത് ജീവനക്കാരനായ പരമേശ്വരൻ നായരുടെയും സരസ്വതിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് ലതികാ സുഭാഷ്. ജന്മം കൊണ്ട് ഏറ്റമാനൂർകാരി. വെട്ടിമുകൾ സെൻ്റ് പോൾസ് സ്കൂൾ, അതിരമ്പുഴ സെൻ്റ് മേരീസ് സ്കൂൾ, മാന്നാനം കെ.ഇ. കോളേജ്, കോട്ടയം ബി.സി.എം കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരിക്കെ മാന്നാനം കെ.ഇ. കോളേജിൽ വനിതാ പ്രതിനിധി, 84 -ൽ കോട്ടയം ബി.സി.എം കോളേജിൽ നിന്നും പ്രഥമ എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസില - കെ.എസ്.യു യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ സ്ഥാനാർത്ഥി. ആ വർഷം ഇലക്ഷൻ നടന്നില്ല. എം.എ. പഠനം കഴിഞ്ഞ ഉടൻ കുറച്ചു കാലം അദ്ധ്യാപിക -ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം കോട്ടയത്ത് മംഗളത്തിൽ മാധ്യമപ്രവർത്തകയായി 13 വർഷം ജോലി ചെയ്തു. ഗുരു നിത്യ ചൈതന്യ യതിയുമായുള്ള കൂടിക്കാഴ്ച ഫോൺ ഹിൽ ഗുരുകുലത്തിൽ ഗുരുവിനൊപ്പം ഒരു വർഷത്തിലേറെ താമസിച്ച് പഠിക്കാനായത് ശ്രീനാരായണ ഗുരു ദേവ കൃതികളിലേയ്ക്കും ഗുരുവിൻ്റെ ദർശനങ്ങളിലേയ്ക്കും എത്തി നോക്കാനെങ്കിലും സഹായിച്ചു എന്നും ലതികാ സുഭാഷ് പറയുന്നു. പിന്നീട്, 1991-ൽ കോൺഗ്രസ്സിൻ്റെ സാധാരണ പ്രവർത്തകയായിരിക്കെ ഏറ്റുമാനൂരിൽ നിന്നും കോട്ടയം ജില്ലാ കൗൺസിൽ അംഗമാകുന്നു. 1995 ൽ ഇപ്പോൾ കോട്ടയം നഗരസഭയുടെ ഭാഗമായ കുമാരനല്ലൂർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേയ്ക്ക് വിജയിച്ചു. യു.ഡി.എഫിൻ്റെ ബാലികേറാ മലയിലാണ് അന്ന് ലതികയെ നിയോഗിച്ചത്. 2000-ൽ ഇതേ ഡിവിഷൻ ജനറലായെങ്കിലും യു.ഡി.എഫിനു വേണ്ടി വീണ്ടും മത്സരിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ വനിതാ പ്രസിഡൻ്റായി. ആദ്യത്തെ രണ്ടര വർഷം വളരെ കൃത്യമായും സത്യസന്ധമായും ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കിയ ശേഷം ഘടക കക്ഷിയ്ക്ക് വേണ്ടി വഴി മാറി. മംഗളത്തിൽ സീനിയർ സബ് എഡിറ്ററായിരുന്ന ലതിക ജോലിയും പൊതു പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനാവാത്തതിനാൽ ജോലി രാജിവച്ചുകൊണ്ട് പൊതു രംഗത്ത് നിലയുറപ്പിച്ചു. 1992-ൽ കോൺഗ്രസ് നേതാവും എറണാകുളം ജില്ലാ കൗൺസിൽ അംഗവുമായ കെ.ആർ. സുഭാഷ് ലതികയെ വിവാഹം ചെയ്തു. പൊതു പ്രവർത്തനവും മാധ്യമ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നതിനായി എനിയ്ക്ക് കോട്ടയത്ത് മാതാപിതാക്കളോടൊപ്പം താമസിക്കാൻ അദ്ദേഹം തന്നെയാണ് അവസരമൊരുക്കിയത്. രണ്ടു ജില്ലകളിലായുള്ള പ്രവർത്തനം. 95 ലും 2000 ലും ഭർത്താവ് സുഭാഷും എറണാകുളം ജില്ലാപഞ്ചായത്തിലേയ്ക്ക് വിജയിച്ചു. രണ്ടര വർഷം എറണാകുളം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു. 2003 നു ശേഷമാണ് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് വന്നത്. 2005 നു ശേഷം 2021 വരെ കോൺഗ്രസ് പാർട്ടിയ്ക്കു വേണ്ടി പ്രാദേശികമായും സംസ്ഥാനത്തുടനീളം യാത്ര ചെയ്തും പ്രവർത്തിച്ചു. ഇതിനിടയിൽ 9 വർഷം കെ.പി.സി.സി സെക്രട്ടറിയായും 4 വർഷം കെ.പി.സി.സി. ജനൽ സെക്രട്ടറിയായും മൂന്ന് വർഷം മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായും ലതിക പ്രവർത്തിച്ചു. ഇതിനിടയിലും ചെറുതെങ്കിലുമായ വരുമാന മാർഗങ്ങൾക്കായുള്ള തൊഴിലുകളിലും വ്യാപ്രതമായി. ഒരിക്കലും പാർട്ടിക്കോ മുന്നണിക്കോ കളങ്കമുണ്ടാക്കുന്ന ഒരു പ്രവർത്തനവും അപ്പോഴൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് ലതികാ സുഭാഷ് ഉറപ്പിച്ചു പറയുന്നു. 2000 മുതൽ കുമാരനല്ലൂരിലേക്ക് താമസം മാറ്റി. ( കോട്ടയം നഗരത്തിൻ്റെ 7-ാം വാർഡിൽ) മാതാപിതാക്കളും കുമാരനല്ലൂരിൽ ഒപ്പമുണ്ടായിരുന്നു. 2016-ൽ ഏക സഹോദരൻ സുനിലും 2017-ൽ അച്ഛനും 2018-ൽ അമ്മയും മരണപ്പെട്ടു. ഏക സഹോദരി പ്രിയ ചാന്നാനിക്കാട്ട് താമസിക്കുന്നു. 2015 മുതൽ പനച്ചിക്കാട്ട് ഗ്രാമ പഞ്ചായത്തംഗമാണ്. 2003മുതലുള്ള രാഷ്ട്രീയ ജീവിതത്തിലാണ് കേരളത്തിൻ്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ എത്താൻ കഴിഞ്ഞത് എന്ന് ലതികാ സുഭാഷ് പറയുന്നു. ഉപതിരഞ്ഞെടുപ്പുകളിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ചു. 2011-ൽ അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്സിനെതിരെ മത്സരിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഏറ്റെടുത്തതും മത്സരിച്ചതുമൊക്കെ മറക്കാനാവാത്ത സന്ദർഭങ്ങളാണ് എന്ന് ലതിക പറയുന്നു. 1991 മുതലേ എൽ.ഐ.സി. ഏജൻ്റാണ്. തൊഴിലും പൊതുപ്രവർത്തനവും കൂട്ടിക്കുഴയ്ക്കാനാവാത്ത ഒരു സാധാരണക്കാരിയുടെ ആകുലതകളും ബുദ്ധിമുട്ടുകളും ലതികയ്ക്കും ഉണ്ടായിരുന്നു. ഇതിനിടെ മകൻ കണ്ണൻ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ ഫോട്ടോഗ്രാഫറായി സിങ്കപ്പൂരിൽ ജോലി നോക്കുന്നു . മകൻ്റെ ഭാര്യ ദേവുവും അവിടെ ജോലി ചെയ്യുന്നു. 2021 വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കോൺഗ്രസ്സിനും ഐക്യ ജനാധിപത്യമുന്നണിക്കുമൊപ്പം നിന്ന ലതിക കെ.പി.സി.സി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം കേവലം ഒരു സീറ്റിനു വേണ്ടി ആയിരുന്നില്ല. എക്കാലത്തും കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രസിഡൻ്റിനും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിനും കെ.എസ്.യു പ്രസിഡൻ്റിനും നിയമ സഭാ സീറ്റ് നൽകുന്നതാണ്. താൻ പ്രസിഡൻ്റായ സമയത്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് നിയമസഭാ സീറ്റില്ല എന്നറിഞ്ഞ് മുതിർന്ന നേതാവ് എ.കെ. ആൻ്റണിയെയും അന്നത്തെ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും വിളിച്ച് വിവരം ആരാഞ്ഞു, രണ്ടു പേരോടും തനിക്ക് പ്രതിഷേധിക്കേണ്ടിവരുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. ഏറ്റവും ലാഘവത്തോടെയാണ് അവർ ഇരുവരും അതിനെ കണ്ടത് എന്നും ലതിക പറയുന്നു. വിദ്യാർത്ഥിയായ കാലം മുതൽ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് പിന്നീട് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് പ്രസ്ഥാനത്തെയും മുന്നണിയെയും സേവിച്ച ഒരു സാധാരണക്കാരി എന്ന നിലയിൽ പറയട്ടെ, എൻ്റെ പ്രതിഷേധം ആ മുന്നണിയിൽ ഒരുപാട് സഹോദരിമാർക്ക് അവസരമൊരുക്കാൻ കാരണമായിക്കൊണ്ടേയിരിക്കും എന്ന വിശ്വാസമാണെനിയ്ക്ക് എന്നും ലതിക സുഭാഷ് പറഞ്ഞു. കേരളത്തിൽ ആദ്യം സാമൂഹ്യ മാധ്യമത്തിൽ എഴുതിത്തുടങ്ങിയ രാഷ്ട്രീയക്കാരുടെ ഗണത്തിൽ പെട്ടയാളാണ് ഞാനും. എത്ര തിരക്കുള്ളപ്പോഴും എഴുതാനും പോസ്റ്റ് ചെയ്യാനും ശ്രമിച്ചിരുന്നു. സൈബർ അറ്റാക്കുകൾ എനിയ്ക്കും അന്യമല്ലായിരുന്നു. എന്നാൽ 2021 മുതൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടു. ആരോടും പരിഭവമില്ല. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചതും മറ്റും നിരവധി സഹപ്രവർത്തകരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ്. പൊതു ജീവിതത്തിൽ ഏറെ വേദനിച്ച കാലം. സാമ്പത്തിക ലാഭത്തിനു വേണ്ടി മത്സരിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾ പോലും അതി ശക്തമായി പ്രചരിപ്പിക്കപ്പെട്ട കാലം. നട്ടാൽ മുളയ്ക്കാത്ത നുണകൾ അന്തരീക്ഷത്തിലും സൈബറിടങ്ങളിലും പ്രചരിച്ച സമയം. ( പിന്നീട് പലരും പറഞ്ഞറിഞ്ഞത്.) കഴിവുള്ളവരെ കൈ പിടിച്ചുയർത്താൻ ശ്രമിക്കണമെന്ന ചിന്തയാണെനിക്കുള്ളത്. പ്രവർത്തിച്ച മേഖലകളിലെല്ലാം ഇക്കാലമത്രയും അതിനു ശ്രമിച്ചിട്ടുണ്ട്. എന്നെ , ഞാൻ ഏറെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരിൽ ചിലർ പോലും ചാനൽ ചർച്ചയിൽ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോൾ ആ ഭാഗങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിച്ച് അതിൽ ആഹ്ലാദം കണ്ടെത്തിയവർ നിരവധിയാണ്. അവരോടും മറുത്തൊന്നും പറയാനില്ല. കുറച്ചു നാൾ ഒന്നിലും പ്രവർത്തിക്കാതെയിരുന്നെങ്കിലും കോൺഗ്രസ് കുടുംബം വിട്ട ശരദ് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലേയ്ക്ക് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ ജ്യേഷ്ഠ സഹോദര തുല്യനായ പി.സി ചാക്കോ ക്ഷണിച്ചപ്പോൾ എൻ.സി.പി യിൽ ചേരുകയായിരുന്നു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാണ് എൻ.സി.പി. എൻ .സി.പിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏല്പിച്ച ഉത്തരവാദിത്വം - ചെയർ പേഴ്സൺ, ഫോറസ്റ്റ് ഡെവലപ്മെൻ് കോർപ്പറേഷൻ - കഴിയുന്നത്ര നന്നായി നിറവേറ്റിക്കൊണ്ടു വരികയായിരുന്നു. അടുത്ത നാളുകളിലാണ് കെ.എഫ്.ഡി.സി രണ്ട് ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. കഴിഞ്ഞ നാലുവർഷങ്ങളായി ഞാൻ ഏറ്റവും പ്രാധാന്യം കൊടുത്തതും കെ.എഫ്.ഡി.സിയുടെ പ്രവർത്തനങ്ങൾക്കായിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കുമൊപ്പം തന്നെ കുറച്ചു നാളായി -ലതികാസ് കിച്ചൺ - എന്ന പേരിൽ യശ:ശരീരയായ എൻ്റെ അമ്മയുടെ ഓർമ്മകൾക്കായി തുടങ്ങിയ ഒരു സംരംഭം നട്ട്, നനച്ച് വളർത്തി കൊണ്ടു വരികയായിരുന്നു. എൻ.സി.പി.യുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ഒരു മാസക്കാലം ലോക്കൽ ബോഡി ഇലക്ഷനിലേയ്ക്ക് ശ്രദ്ധിക്കാനുള്ള ചിന്തകൾക്കിടയിലാണ് ഒരു അപ്രതീക്ഷിത നിയോഗം ലഭിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ എൻ.സി.പി യുടെ മുതിർന്ന നേതാക്കളും മുന്നണി നേതാക്കളും സംസാരിച്ചതനുസരിച്ച് മറ്റൊരു ദൗത്യത്തിന് കൈ കൊടുക്കേണ്ടി വന്നിരിക്കുന്നു. കോട്ടയം നഗര സഭയുടെ തിരുനക്കര ഡിവിഷനിൽ (48-ാം ഡിവിഷൻ) ഒരു സ്ഥാനാർത്ഥിയായി മൽസരിക്കണം എന്നാണ് നിർദേശം. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മുതൽ എന്നെ ചേർത്തു പിടിച്ച സാക്ഷര സുന്ദരമായ അക്ഷര നഗരം. വിദ്യാർത്ഥിനിയായിരുന്നപ്പോൾ 1984 മുതൽ അംഗമായി ഞാൻ കയറിയിറങ്ങുന്ന കോട്ടയം പബ്ലിക്ക് ലൈബ്രറി, ( ഇന്ന് ലൈബ്രറിയുടെ ഭരണസമിതി അംഗങ്ങളിൽ ഒരാളാണ് ഞാനും)മറ്റ് നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ,ഇവിടത്തെ സാധാരണക്കാർ, തൊഴിലാളികൾ, കച്ചവടക്കാർ, രാഷ്ട്രീയ പ്രവർത്തകർ, രാഷ്ട്രീയമേ ഇല്ലാത്തവർ,ഇതര സംസ്ഥാനങ്ങൾ - പ്രത്യേകിച്ച് തമിഴ് നാട്ടിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്നവർ , അക്ഷരങ്ങളുടെ നാട്ടിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. ജില്ലാ കൗൺസിൽ കാലം മുതൽ എന്നെ കാത്ത കോട്ടയം സിവിൽ സ്റ്റേഷൻ, എൻ്റെ കൂടി ആശയങ്ങൾ ചേർത്ത് വച്ച് പണി പൂർത്തിയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് ഭവൻ. ഇപ്പോൾ ഏല്പിച്ചിരിക്കുന്നത് വളരെ ചെറുതെന്നു തോന്നുമെങ്കിലും ഏറ്റവും ശ്രദ്ധ വേണ്ട ഉത്തരവാദിത്വമാണ്. വളരെക്കാലം മുമ്പ്, പ്രഗത്ഭരും പ്രതിഭാധനരുമായ പൊതുപ്രവർത്തകരുടെ നേതൃത്വവും സേവനവും ഏറ്റുവാങ്ങിയ ഈ മഹാ നഗരസഭയുടെ തിരുനക്കര വാർഡിലാണ് (48) മത്സരിക്കുന്നത്. 1995 മുതൽ തിരക്കുകൾക്കിടയിൽ ആശ്വാസവും ശാന്തിയും തേടി സാധിക്കുന്ന ദിവസങ്ങളിലെങ്കിലും ഞാൻ എത്തിച്ചേരാറുള്ള ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൻ്റെ കോട്ടയത്തെ ആസ്ഥാന മന്ദിരം ഈ ഡിവിഷനിലായത് എൻ്റെ സ്വകാര്യ സന്തോഷം. തിരുനക്കരയപ്പനെ തൊഴുത്, ഞാൻ ഇറങ്ങിക്കഴിഞ്ഞു. ഉപാധി രഹിതമായി പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം. വിഭാഗീയതയില്ലാതെ എല്ലാവരെയും നേരിൽ കാണാൻ. ആരോടും പരിഭവമില്ലാത്ത ഈ ചെറിയ ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി ജഗദീശ്വരൻ പ്രദാനം ചെയ്യും എന്നുറപ്പുണ്ട്.
വനം വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു കോട്ടയം നഗരസഭയിൽ തിരുനക്കരയിൽ ജനവിധി തേടി ലതികാ സുഭാഷ്! കേരളത്തിനൊപ്പം കോട്ടയം നഗരത്തിനും വികസനം വേണ്ടേ
