തിരുവനന്തപുരം: കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിനിടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായാണ് ചക്രവാതചുഴിസ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 4 ദിവസം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദ്ധവും ചക്രവാത ചുഴിയും: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കോട്ടയം ജില്ലയിൽ 4 ദിവസം യെല്ലോ അലേർട്ട്.
