ദുരിതപ്പെയ്ത്തിനൊപ്പം കോട്ടയത്ത് പകർച്ച വ്യാധികളും പിടിമുറുക്കുന്നു, ജില്ലയിൽ ഈ മാസം മാത്രം പനി ബാധിച്ചു ചികിത്സ തേടിയത് 6922 പേർ, 2 മരണം.


കോട്ടയം: കാലവർഷം ശക്തമായതോടെ കോട്ടയം ജില്ലയിൽ മഴക്കാല രോഗങ്ങളും പകർച്ച വ്യാധികളും പിടിമുറുക്കുന്നു. ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.

 

 വൈറൽ പനിക്ക് ഒപ്പം ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയുടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ ഈ മാസംമാത്രം പനി ബാധിച്ച്‌ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്‌ 6922 പേരാണ്‌. ഇവരിൽ 18 പേർക്ക്‌ ഡെങ്കിപ്പനിയും 8 പേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു.

 

എലിപ്പനി ബാധിച്ച്‌ ഒരാളും ഡെങ്കിപ്പനി ബന്ധിച്ചു ഒരാളും മരണമടഞ്ഞു. 24 പേർക്ക് മഞ്ഞപ്പിത്ത രോഗബാധയും 4 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. കാലവർഷം ശക്തമായി തുടരുന്നതും ഇടവിട്ടുള്ള മഴ ശക്തമാകുന്നതും പനി ബാധിതരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.