കോട്ടയം: ഒരു മഴ പെയ്യുമ്പോഴേ ജില്ലാ കളക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ വിദ്യാർത്ഥികളുടെ അവധിക്കുള്ള അപേക്ഷകളുടെ കമന്റ് കൂമ്പാരമാണ്. എന്നാൽ ഇത്തവണ വിദ്യാർത്ഥികളുടെ അവധി ആവശ്യങ്ങൾക്ക് ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആശംസകൾക്കൊപ്പം ഉപദേശവും നൽകിയിരിക്കുകയാണ് കോട്ടയം ജില്ലാ കളക്ടർ. ''മഴയെന്ന് മുറവിളികൂട്ടി അവധി മാത്രം ചോദിക്കരുത്. അതിൻ്റെ ഗൗരവം മനസിലാക്കി അവധി തന്നോളാം''- സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിദ്യാലയജീവിതം ഒരു അവിസ്മരണീയമായ അനുഭവമാണ്, മഴയും മഞ്ഞും വെയിലും പ്രകൃതിവച്ചു നീട്ടുന്ന വരങ്ങളാണ്. അതേറ്റു തന്നെ നമ്മൾ മുന്നേറണം. ഇവയെല്ലാം ഏറ്റ് പ്രതിരോധശേഷി വർധിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ.
ആരോഗ്യമുള്ള മനസുണ്ടായാൽ നിങ്ങൾ ഒരു പ്രതിസന്ധിയിലും തോൽക്കില്ല എന്ന് കൊച്ചു കൂട്ടുകാർക്ക് കളക്ടർ ആശംസകളും നേർന്നു. മഴയും വെള്ളപ്പൊക്കവും മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്ന നമ്മുടെ കൊച്ചുകൂട്ടുകാരുണ്ട്. അവരെ നമുക്ക് മനസോടു ചേർത്ത് പിടിക്കാം എന്നും ജില്ലാ കളക്ടർ പറഞ്ഞു.