അക്ഷരങ്ങളുടെ നാട്ടിൽ മലയാളം പഠിക്കാനെത്തി അഫ്ഗാനിസ്ഥാനിലെ കൊച്ചു മിടുക്കി! പ്രവേശനോത്സവത്തിൽ താരമായി ബെഹ്സ.


കോട്ടയം: മുടിയൂർക്കര ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരമായി മാറി അക്ഷരങ്ങളുടെ നാട്ടിൽ മലയാളം പഠിക്കാനെത്തി അഫ്ഗാനിസ്ഥാനിലെ കൊച്ചു മിടുക്കി.

 

 അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ മൊഹമ്മദ്‌ ഫാഹിം കരിമി–എലാഹ സാഹിർ ദമ്പതികളുടെ മകളാണ് ബെഹ്സ കരിമി. ആറ് വയസ്സുകാരി ബെഹ്‌സ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി. സ്‌കൂളിനും ഒപ്പം മാതാപിതാക്കൾക്കും പ്രവേശനോത്സവം ഒരു ആഘോഷമായിരുന്നു.

 

 പ്രധാനാധ്യാപിക കെ.സിന്ധുവും മറ്റ് അധ്യാപകരും ചേർന്നു പൂച്ചെണ്ടും ഷാളും അണിയിച്ചു കൊച്ചു മിടുക്കിയെ സ്വീകരിച്ചു.പുസ്തകങ്ങളും യൂണിഫോമും ബാഗും ഒക്കെ സ്കൂളിൽ നിന്ന് കിട്ടിയ ബെഹ്സ വലിയ സന്തോഷത്തിലാണ്. മലയാളം ഇഷ്ട്മാണെന്നും കുറച്ചൊക്കെ മലയാളം അറിയാമെന്നും കൊച്ചു മിടുക്കി പറഞ്ഞു.

 

ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്ത്, വാർഡ് അംഗം സാബു മാത്യു തുടങ്ങിയവരും ബെഹ്സയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബെഹ്സ ഉൾപ്പെടെ 16 കുട്ടികളാണ് സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. എല്ലാവരുമായി വളരെ വേഗത്തിൽ തന്നെ ബെഹ്‌സ അടുപ്പത്തിലായി.