കോവിഡ് ആശങ്കയിൽ കേരളം! സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം, ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമ


കോട്ടയം: സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പരിശോധന കേരളത്തിൽ നിർബന്ധമാക്കി. പനി ബാധിച്ചവര്‍ കോവിഡ് പരിശോധിക്കണം. ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ആന്റിജൻ പരിശോധന ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കേരളത്തില്‍ നിലവിലുള്ളത് 1435 കോവിഡ് രോഗികളാണ്. എട്ട് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പനിയുമായി ചികിത്സ തേടുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനം കേരളത്തിലാണ്. 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ​ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്.