കോട്ടയം: പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് സർക്കാർ മുന്നോട്ടുപോകുമെന്നും സ്വകാര്യമേഖലയോട് കിടപിടിക്കാൻ സാധിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സൃഷ്ടിച്ചെടുക്കുമെന്നും അതിനൊരു ഉദാഹരണമാണ് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

 

 കോട്ടയം ജില്ലയിലെ വെള്ളൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് അടച്ചു പൂട്ടിയപ്പോൾ അതിനെ ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്ത് പൊതുമേഖലയിൽ സംരക്ഷിച്ചുനിർത്തിയ സംസ്ഥാന സർക്കാരിന്റെ ചരിത്രഗാഥ കൂടിയാണത്. കേന്ദ്രസർക്കാർ പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി 3 വർഷം നീണ്ട ഏറ്റെടുക്കൽ പ്രക്രിയക്കൊടുവിൽ സംസ്ഥാന സർക്കാർ തുറന്നുനൽകിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് എന്തുചെയ്യുമെന്നറിയാതെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് സന്തോഷമായത്.

 

 ഒരു നാടാകെയാണ് അന്ന് കമ്പനിയുടെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്നത്. 5 മാസം കൊണ്ട് ആദ്യഘട്ടവും അടുത്ത 5 മാസം കൊണ്ട് രണ്ടാം ഘട്ടവും പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയയും കമ്പനിയിൽ നമ്മളാരംഭിച്ചു. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഇന്ന് ഉയർന്നിരിക്കുന്നു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം  പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ ഈ സർക്കാർ മാറ്റിയെടുക്കും. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമായിൽ കെ.പി.പി.എൽ മാറും. മൂന്നര വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി  തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് കോട്ടയത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നതിനൊപ്പം ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുമാകും.