കോട്ടയം: കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ. അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ്.
അതെ, കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്ന ഒരേയൊരു വള്ളക്കാരനാണ് അനിൽ. കിഴക്കുപുറം പാടശേഖരത്തോട് ചേർന്നുള്ള കൊല്ലംപറമ്പിൽ വീട്ടിൽ കെ ജി അനിലും ഭാര്യ സിന്ധുവും മകൻ നന്ദുവും ആണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്.
കൊല്ലാട് ആമ്പൽപ്പൂക്കളുടെ വിസ്മയ വിശേഷങ്ങൾ ഇതിനോടകംതന്നെ നവമാധ്യമങ്ങളിൽക്കൂടിയും മറ്റും ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്നതിൽ സംശയമില്ല. സ്വദേശീയരായ സഞ്ചാരികൾക്കൊപ്പം വിദേശീയരായ സഞ്ചാരികളും ഇപ്പോൾ കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ വിസ്മയ കാഴ്ചകൾ തേടിയെത്തുന്നുണ്ട്. ഇവിടെയെത്തുന്നവർക്കെല്ലാം ആമ്പൽ കാഴ്ചകൾ വള്ളത്തിൽ കയറി കാണാനും ആമ്പൽപ്പൂക്കളെ തഴുകി തലോടി ഫോട്ടോകളെടുക്കാനും അനിലേട്ടന്റെ വള്ളം മാത്രമാണുള്ളത്. മുൻകൂട്ടി അനിലേട്ടന്റെ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്തു എത്തുന്നവരുമുണ്ട്. എല്ലാവരെയും സുരക്ഷിതമായി വള്ളത്തിൽ കയറ്റി ആമ്പൽപ്പൂക്കളുടെ കൗതുക കാഴ്ചകൾ കാണിച്ചു തരുന്നതിലൂടെ ചെറിയൊരു വരുമാനവും അനിലേട്ടനു ലഭിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫീ ഹൗസിലെ പാചകക്കാരനുമാണ് കെ ജി അനിൽ. ഫോട്ടോഷൂട്ടിനായി എത്തുന്നവർക്ക് പൂക്കൾ നിരസിച്ചു വള്ളം അലങ്കരിച്ചു നൽകാറുണ്ടെന്നും അനിൽ പറഞ്ഞു. ദിവസേന നിരവധിപ്പേരാണ് കാഴ്ചകൾ കാണാനും ഫോട്ടോഷൂട്ടുകൾക്കായും കൊല്ലാട് കിഴക്കുപുറം പാടശേഖരത്തെ ആമ്പൽപ്പാടത്തേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് എല്ലാ ആവശ്യങ്ങൾക്കും ഏക ആശ്രയം അനിലേട്ടന്റെ വീട് മാത്രമാണ്. ഫോട്ടോഷൂട്ടിനായി എത്തുന്നവർ മേക്കപ്പ് ചെയ്യുന്നതും അനിലേട്ടന്റെ വീട്ടിലാണ്. വിദേശീയരും സെലിബ്രിറ്റികളും മോഡലുകളും ഇതിനോടകം തന്നെ നിരവധി തവണ ഫോട്ടോഷൂട്ടുകൾക്കായി ഇവിടെ എത്തിയതായി അനിൽ പറഞ്ഞു. കൂടുതൽ പേരും മലരിക്കലിലേക്ക് പോകുമ്പോൾ കൂടുതൽ പൂക്കൾ ഇവിടെയാണുള്ളതെന്നു അനിൽ പറയുന്നു.
''വർഷത്തിൽ രണ്ടു മാസം എനിക്ക് കിട്ടുന്ന മറ്റൊരു വരുമാനമാണ് വള്ളത്തിലൂടെ സഞ്ചാരികളുമായിട്ടുള്ള സവാരിയിലൂടെ കിട്ടുന്നത്. ഇത് കഴിഞ്ഞാൽ വീണ്ടും ഒരു കൊല്ലത്തേക്കുള്ള കാത്തിരിപ്പാണ്, നിശ്ചിത തുകയായിട്ടൊന്നുമല്ല സഞ്ചാരികൾ ഇഷ്ട്മുള്ളത് തരുന്നത് മേടിക്കും, പുലർച്ചെ മുതൽ ആളുകൾ എത്തിത്തുടങ്ങും. എല്ലാവരുമായി ഊഴമനുസരിച്ച് വള്ളത്തിൽ യാത്ര ചെയ്തു കാഴ്ചകൾ കാണിക്കും. സഞ്ചാരികളുടെ മനസ്സ് നിറയുന്നത് അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാം , അതാണ് എന്റെ വലിയ സന്തോഷം.''-കെ ജി അനിൽ.
ചിത്രം: സോഷ്യൽ മീഡിയ.