കോട്ടയം: കോട്ടയത്തിന്റെ സ്വന്തമായ കൗതുക കാഴ്ച കാണാനായി കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും വരെ സഞ്ചാരികൾ കോട്ടയം കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽ വിസ്മയ കാഴ്ച കാണാനായി എത്തുന്നുണ്ട്.
കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിൽ പിങ്ക് നിറത്തിൽ പരവതാനി പോലെ പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽപ്പൂക്കളുടെ കാഴ്ചകൾ കാണാനായി തുടക്കം മുതൽ തന്നെ വിദേശീയരുൾപ്പടെയുള്ള സഞ്ചാരികൾ എത്തിയിരുന്നു. വിസ്മയ കാഴ്ചകൾ കാണാനും പോക്കൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കാന് ചിത്രങ്ങളെടുക്കാനുമായാണ് എല്ലാവരും എത്തുന്നത്. ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ തീർത്ത മലരിക്കലിന് പിന്നാലെയാണ് കഴിഞ്ഞ മൂന്നു വർഷത്തോളമായി കേട്ടറിഞ്ഞു കൂടുതൽ ആളുകൾ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടം കാണാനായി എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടിയാണ് പ്രദേശവാസികൾ വരവേൽക്കുന്നത്.
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കൊല്ലാട് കിഴക്കുപുറത്താണ് ആമ്പൽ വിസ്മയം പൂത്തുലഞ്ഞു നിൽക്കുന്നത്. കോട്ടയം നഗരത്തിൽ നിന്നും ആറര കിലോമീറ്റർ മാത്രമാണ് നയന വിസ്മയകരമായ ഈ കാഴ്ച്ചകളിലേക്കുള്ള ദൂരം. 200 ഏക്കർ പാടശേഖരത്തിൽ നിലവിൽ 110 ഏക്കറിലധികം സ്ഥലത്താണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. അടുത്ത മാസം വരെ പൂക്കൾ കാണാൻ സാധിക്കുന്നതാണ്. പിന്നീട് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതോടെ പൂക്കൾ അപ്രത്യക്ഷമാകും. തുടർന്ന് ഇത്തരമൊരു വിസ്മയ കാഴ്ച കാണാൻ ഒരു വര്ഷം കാത്തിരിക്കേണ്ടി വരും. പൂക്കൾ വിടരാൻ ആരംഭിച്ചത് മുതൽ സഞ്ചാരികളുടെ തിരക്കാണ് കൊല്ലാട് കിഴക്കുപുറത്ത്. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമുൾപ്പടെയുള്ള വിനോദ സഞ്ചാരികളും ഫോട്ടോഷൂട്ടുകൾക്കായും ആളുകൾ എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ കവർന്നിരിക്കുന്നത് മലരിക്കലും അമ്പാട്ടുകടവുമായതിനാൽ സഞ്ചാരികൾ കൂടുതൽ എത്തുന്നതും അവിടേക്കാണ് എന്ന് കിഴക്കുപുറം പാടശേഖരത്തോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസിയായ കെ ജി അനിൽ പറഞ്ഞു. ഇവിടെയെത്തുന്നവർക്ക് വള്ളത്തിൽ കാഴ്ചകൾ കാണാനും ഫോട്ടോഷൂട്ടിനുമുള്ള സൗകര്യങ്ങൾ ചെയ്തു നൽകുന്നതും ഇദ്ദേഹമാണ്. എന്നാൽ അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ പൂക്കൾ വിരിയുന്നതിനു മുൻപ് തന്നെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിൽ പൂക്കൾ വിടർന്നിരുന്നു. അതിനാൽ കൂടുതൽ പേർ കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽ വിസ്മയം കാണാനായി എത്തുന്നുണ്ട്. ആമ്പൽ പാടം കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് ഇപ്പോൾ കൂടി വരികയാണ്. അവധി ദിവസങ്ങളും ഓണവും എത്തുന്നതോടെ കൂടുതൽ സഞ്ചാരികൾ കൊല്ലാട് എത്തിയേക്കും. സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും ആമ്പൽ ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾ നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും മലരിക്കൽ മേഖലയിലാണെന്നും കൊല്ലാട് ആമ്പൽപ്പാടങ്ങളിൽ പരിപാടികളോ സഞ്ചാരികൾക്കായി സൗകര്യങ്ങളോ ഒരുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
ചിത്രം: സിബി കെ തമ്പി.