പതിനാലുകാരിക്ക് അപൂർവ്വ ശസ്ത്രക്രിയ വിജയം; കോട്ടയം മെഡിക്കൽ കോളേജിന് നേട്ടം.


കോട്ടയം: സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ടായിരുന്നു.

 

 അതിസങ്കീർണമായ ഈ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമായി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്‌കൂൾ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തിൽ വഴിഞ്ഞിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെകുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോൾ പെട്ടെന്നാണ് കുട്ടി ഡയപ്പെർ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും 5 മുതൽ 6 വരെ ഡയപ്പെർ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂർണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികൾ വളർച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന ഒരു അപൂർവ്വ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസുള്ളപ്പോൾ മാതാപിതാക്കൾ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീർണമായതിനാൽ ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു. നഴ്സ് ലീനാ തോമസ് ജില്ലാ ആർ.ബി.എസ്.കെ കോ ഓർഡിനേറ്റർക്ക് സ്‌ക്രീനിംഗ് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ സർക്കാരിന്റെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ അതിസങ്കീർണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ആശുപത്രിയിൽ കൂട്ടിരിക്കാൻ ആശാ പ്രവർത്തക ഗീതാമ്മയുടെ പ്രേരണയിൽ നാട്ടിൽ നിന്ന് തന്നെ ഒരു സ്പോൺസറെ കണ്ടാത്താനും കഴിഞ്ഞതോടെ ചികിത്സ ആരംഭിക്കുകയായിരുന്നു. മെയ് 24ന് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ അസോ. പ്രൊഫസർ ഡോ. ഷാജി മാത്യു, അസി. പ്രൊഫസർ ഡോ. ടിനു രവി എബ്രഹാം എന്നിവരും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ലത. ജെ എന്നിവരടങ്ങുന്ന സംഘമാണ് ഏഴു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.