കോട്ടയം: 'കേരളാ സ്‌റ്റോറി' പള്ളികളില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയ്ക്കും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച താമരശ്ശേരി, തലശ്ശേരി രൂപതകള്‍ക്കുമെതിരെ സി.പി.എം. നേതാവ് ജെയ്ക്ക് സി. തോമസ്. മണിപ്പൂരിൽ തകർക്കപ്പെട്ട പള്ളിക്കുള്ളിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന വൈദികന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു’

ലവ് ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ്!!

കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!

ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്പയുടെ മണ്ണിലെ മാരാമണ്ണിൽ എത്തുന്ന വിദേശ മിഷിനറിയുടെ കാൽ വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലിൽ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ, പന്തളം പറന്തലിൽ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ,ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട് കൊന്നു കളഞ്ഞവർ,കാണ്ഡമാലിൽ കന്യാസ്ത്രീകളെ ബലാൽക്കാരം ചെയ്തവർ,കാങ്‌പോക്പിയിൽ ചുരാചാന്ദ്പൂരിൽ പെൺകുഞ്ഞുങ്ങളെ നഗ്നരാക്കി ആൾക്കൂട്ട വിചാരണ നടത്തിച്ചവർ 

ആര് മറന്നാലും മതനിരപേക്ഷ കേരളം ഇതൊന്നും മറക്കില്ല. ആ സർസംഘത്തിന്റെതാണ്, അവരുടേത് മാത്രമാണ് വിഷം നിറച്ചൊരു എല്ലിന്കക്ഷണം മാത്രമായ കേരള സ്റ്റോറി.അതിന്റെ പ്രചാരകരെ നിങ്ങൾക്ക് ഹാ കഷ്ടം!! 

‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു’.(മത്തായി 23 വാക്യം 27) എന്ന് ക്രിസ്തു ബൈബിളിൽ!!

(ചിത്രം:ദി റിയൽ മണിപ്പൂർ സ്റ്റോറി )