കളർമ്യൂസിക്ക് വാട്ടർഫൗണ്ടനും ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റും ഫ്‌ളോട്ടിങ്ങ് വാക് വേയും, അയ്മനത്തിന്റെ ടൂറിസം വികസനത്തിൽ പുത്തൻ ചുവട്.


അയ്മനം: കളർമ്യൂസിക്ക് വാട്ടർഫൗണ്ടനും ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റും ഫ്‌ളോട്ടിങ്ങ് വാക് വേയും, വിനോദസഞ്ചാരികൾക്ക് ആസ്വാദനത്തിന്റെ പുത്തൻ ഉണർവ്വ് സമ്മാനിക്കാനൊരുങ്ങി അയ്മനം. അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വരുന്ന വലിയമടക്കുളത്തിൽ 5 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി പെഡൽ ബോട്ടിങ്, വെള്ളത്തിലൂടെയുള്ള നടപ്പാത, സൂര്യാസ്തമയം കാണാനുള്ള സൗകര്യം, വിശ്രമമുറികൾ, മഴ ആസ്വദിക്കാനുള്ള സൗകര്യം, കുളത്തിനു കരയലായി കുട്ടികൾക്കു കളിക്കാനിടം, സൈക്ലിങ് ഏരിയ തുടങ്ങിയവ ഉണ്ടാകും. അയ്മനത്തേക്കും കുമരകത്തേക്കും വലിയതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വലിയമടക്കുളം പദ്ധതി സഹായകമാകും. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തുറന്നു കൊടുക്കുമെന്നാണ് സൂചന. രാത്രിയിലും പകലും ഇവിടെ വിനോദസഞ്ചാരികൾക്ക് സമയം ചെലവഴിക്കാൻ കഴിയും.