കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ വ്യത്യസ്തങ്ങളായ കലാപരിപാടികൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി നവകേരള സദസ് തുടങ്ങുന്നതിനു മുന്നോടിയായിട്ടായിരിക്കും കലാപരിപാടികൾ അവതരിപ്പിക്കപ്പെടുക. ജില്ലയിലെ ആദ്യസദസ് നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സദസിന്റെ വേദിയായ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ ഡിസംബർ 12നു രാവിലെ 11.30 മുതൽ രാഹുൽ കൊച്ചാപ്പിയുടെ നേതൃത്വത്തിൽ നാടൻപാട്ട്, കുമ്മാട്ടിക്കളി, ട്രൈബൽ ഡാൻസ്, തെയ്യം തിറ, പാറത്തോട് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പരിപാടി എന്നിവ അരങ്ങേറും. രണ്ടാം വേദിയായ പൊൻകുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞിരപ്പള്ളിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ സംസ്കൃതി വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള, തുടർന്ന് മിമിക്സ് കേരള മിമിക്സ് പരേഡ് എന്നിവ നടക്കും. ജില്ലയിലെ ആദ്യദിനത്തിലെ അവസാന സദസായ പാലാ നിയോജകമണ്ഡലത്തിൽ വൈകിട്ട് നാല് മണി മുതൽ മാജിക് വോയിസ് എലിക്കുളം അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 7.30 മുതൽ ജൂനിയർ കലാഭവൻ മണി രതീഷ് പാലാ, ജൂനിയർ ജയൻ സ്റ്റാൻലി കോട്ടയം, ആലപ്പി ഗോപകുമാർ, കലാഭവൻ ജോഷി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മിമിക്രി ചിരി മസാല എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ നവകേരള സദസ് രണ്ടാം ദിനമായ ഡിസംബർ 13 ന് ഏറ്റുമാനൂർ മണ്ഡലത്തിലെ വേദിയായ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻപാട്ട് രാവിലെ ഒൻപതു മുതൽ അരങ്ങേറും. രണ്ടാം വേദിയായ പാമ്പാടി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ രണ്ട് മണി മുതൽ ആരംഭിക്കും. ചങ്ങനാശേരി മണ്ഡലത്തിലെ വേദിയായ എസ്.ബി. കോളജ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ അഭിലാഷ് ചങ്ങനാശേരി അവതരിപ്പിക്കുന്ന ഗാനമേളയും ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും വാദ്യകലാസമിതിയും ബാലു മ്യൂസിക് ബാന്റും അവതരിപ്പിക്കുന്ന വയലിൻ ചെണ്ട ഫ്യൂഷനും നടക്കും. രണ്ടാം ദിനത്തിലെ നാലാം സദസായ കോട്ടയം നിയോജക മണ്ഡലത്തിൽ നവകേരള സദസ് വേദിയായ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വൈകിട്ട് മൂന്നു മണിക്ക് തൃശ്ശൂർ കരിന്തലക്കൂട്ടത്തിന്റെ കലാവതരണത്തോടെ കലാപരിപാടികൾ ആരംഭിക്കും. ജില്ലയിലെ നവകേരള സദസിന്റെ മൂന്നാം ദിനമായ ഡിസംബർ 14 ന് രാവിലെ ഒൻപതു മുതൽ കുറവിലങ്ങാട് ദേവമാതാ കോളേജിൽ കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് എച്ച്. എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തിരുവാതിര, തോട്ടുവ ഡി പോൾ എച്ച് എസ് എസ് നസ്രത്ത് ഹിൽ കുട്ടികൾ അവതരിപ്പിക്കുന്ന പരിചമുട്ടുകളി, മാർഗം കളി, നെച്ചിമറ്റം രഘുനാഥ് ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാടൻ പാട്ട്, ഉണർവ് നാടൻ കലാവേദി അവതരിപ്പിക്കുന്ന വീരനാട്യം എന്നിവയും നടക്കും. അവസാന സദസ് നടക്കുന്ന വൈക്കം മണ്ഡലത്തിലെ വേദിയായ വൈക്കം ബീച്ചിൽ ഉച്ചയ്ക്ക് 12.30 മുതൽ ലയ തരംഗം ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ അരങ്ങേറും.