മന്ത്രിസഭ ഇന്നു കോട്ടയത്ത്; നവകേരളസദസിന് ജില്ലയിൽ ഇന്നു തുടക്കം.

കോട്ടയം: ജനങ്ങൾക്കരികിലേക്ക് മന്ത്രിസഭ ഒന്നാകെ എത്തുന്ന നവകേരളസദസിന് ജില്ലയിൽ ഇന്നു തുടക്കം. ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിൽ നിന്ന് അതിർത്തി മണ്ഡലമായ പൂഞ്ഞാറിലെക്കാണു സംസ്ഥാന മന്ത്രിസഭ എത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരള സദസിലേക്കാണു മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും ആദ്യമെത്തുന്നത്. 5000 പേർക്കുള്ള ഇരിപ്പിടം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനാകും. വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരളസദസ് പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഇവിടെ 7000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ തുറന്ന പന്തലും ഒരുക്കുന്നുണ്ട്. 14000 പേർ സദസിലെത്തുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായിരിക്കും. ആദ്യദിനത്തിലെ അവസാനസദസ് പാലാ നിയോജക മണ്ഡലത്തിലാണ് വൈകിട്ട് അഞ്ചിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സദസിൽ 7000 പേർക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരിക്കും. രണ്ടാം ദിനമായ ഡിസംബർ 13ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ ഈ യോഗത്തിൽ പങ്കെടുക്കും. തുടർന്നു രാവിലെ 10 മണിക്ക് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പുതുപ്പള്ളി, വൈകിട്ട് നാലിന് ചങ്ങനാശ്ശേരി, കൈിട്ട് ആറിന് കോട്ടയം നിയോജകമണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ് നടക്കും. അവസാനദിനമായ ഡിസംബർ 14ന് രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിൽ ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തിൽ രാവിലെ 11 മണിക്കും വൈക്കം മണ്ഡലത്തിലെ നവകേരളസദസ് വൈക്കം ബീച്ചിൽ ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും.