സുവർണ്ണ നേട്ടത്തിൽ അരുവിത്തുറ സെന്റ്.ജോർജ് കോളേജ്, നാക് അക്രെഡിറ്റേഷനിൽ എ ++ തിളക്കം, പുതിയ നാക് മൂല്യനിർണ്ണയ മാനദണ്ഡ പ്രകാരം എ++ നേടിയ സംസ്ഥാനത്തെ ആദ


ഈരാറ്റുപേട്ട: നാക് അക്രെഡിറ്റേഷനിൽ  ഏറ്റവും ഉയർന്ന ഗ്രേഡായ എ++ തിളക്കത്തിൽ ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്.ജോർജ് കോളേജ്.  2023 ജനുവരിയിൽ പ്രഖ്യാപിച്ച പുതിയ നാക് മൂല്യനിർണ്ണയ മാനദണ്ഡ പ്രകാരം എ++ നേടിയ സംസ്ഥാനത്തെ ആദ്യ കോളേജാണ് അരുവിത്തുറ സെൻറ് ജോർജ്. ഇത് നാലാം തവണയാണ് കോളേജ് നാക് അക്രെഡിറ്റേഷന് വിധേയമാകുന്നത്. ആദ്യ അക്രെഡിറ്റേഷനിൽ നാല് സ്റ്റാർ പദവിയും തുടർന്നുള്ള അക്രെഡിറ്റേഷനുകളിൽ എ ഗ്രേഡും കോളേജ് കൈവരിച്ചിരുന്നു. മൂന്നാമത്തെ അക്രെഡിറ്റേഷനിൽ ലഭിച്ച എ ഗ്രേഡിൽ നിന്നും നാലാമത്തെ അക്രെഡിറ്റേഷനിൽ ഏറ്റവും ഉന്നത ഗ്രേഡായ എ++ നേടാനായത് മുന്നേറ്റത്തിന്റെ മാറ്റ് കൂട്ടുന്നു. 58 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനത്തിലെ മികച്ച അധ്യയനനിലവാരവും ഉന്നതമായ വിജയ നിരക്കും ദീർഘവീക്ഷണമുള്ള മാനേജ്‌മെന്റും അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തന ശൈലിയും കോളേജിന്റെ വളർച്ചയുടെ മാറ്റുകൂട്ടി. അത്യാധുനിക ലൈബ്രറി ബ്ലോക്ക്, വിശാലമായ സെമിനാർ ഹാളുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, നവീകരിച്ച സയൻസ് ലാബുകൾ, സയൻസ് ബ്ലോക്ക്, വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മികച്ച ക്യാന്റീൻ എന്നിവയും ഉയർന്ന ഗ്രേഡിംഗിന് വഴിതെളിച്ചു. കാർഷികമേഖലയും കാലാവസ്ഥ വ്യതിയാനവും പോലുള്ള സാമൂഹികതലങ്ങളിലെ പ്രവർത്തനങ്ങളിൽ നടത്തിയ മുന്നേറ്റങ്ങൾ എന്നിവയെ ഏറ്റവും ശ്രദ്ധേയങ്ങളെന്നാണ് നാക് പിയർ ടീം വിലയിരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ ദേശീയ അന്തർദേശീയ വെബിനാറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കോട്ടയം ജില്ലയിലെ മലയോര മേഖലയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളക്കമാർന്ന സ്ഥാനമാണ് അരുവിത്തുറ സെൻറ് ജോർജ്സ് കോളേജ് ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്.