എരുമേലിക്ക് ഇന്നലെ അപകട വ്യാഴം! തീർത്ഥാടന പാതകളിലുണ്ടായ 3 അപകടങ്ങളിൽ പൊലിഞ്ഞത് ഒരു ജീവൻ, നിരവധിപ്പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.


എരുമേലി: എരുമേലിക്ക് ഇന്നലെ അപകട വ്യാഴമായിരുന്നു. തീര്ത്ഥാടന പാതകളിലുണ്ടായത് 3 അപകടങ്ങളാണ്. ഒരു ജീവൻ പൊളിയുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

 

 എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.എരുമേലി കണ്ണിമല മഞ്ഞളരുവി പാലയ്ക്കൽ ജോർജ് (വർക്കിച്ചൻ)-സാലി ദമ്പതികളുടെ മകൻ ജെഫിൻ(17)ആണ് മരിച്ചത്. എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ജെഫിനും സുഹൃത്ത് വടകരയോലിൽ തോമസിന്റെ മകൻ നോബിളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമിഴ്‌നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജെഫിന്റെ മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നോബിൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എരുമേലി ശബരിമല പാതയിൽ കണമലയിൽ ചരക്ക് ലോറിയും കെ എസ് ആർ ടി സി ബസ്സും തീർഥാടക ബസ്സും കൂട്ടിയിടിച്ചു നിരവധിപ്പേർക്ക് പരിക്കേറ്റു. എരുമേലി ശബരിമല പാതയിൽ കണമല ഇറക്കത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പമ്പയിൽ നിന്നും എരുമേലിക്ക് വരികയായിരുന്ന തീർഥാടകരുടെ ബസ്സും പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും പമ്പയിലേക്ക് കരിക്കുമായി പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. തീർഥാടകരുടെ ബസ്സിന്റെ പിൻഭാഗത്തും കെ എസ് ആർ ടി സി ബസ്സിന്റെ മധ്യഭാഗം തീർത്തുമാണ് ചരക്ക് ലോറി ഇടിച്ചത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ എരുമേലിയിൽ നിന്നും ആംബുലൻസ് എത്തിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കണമല ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കണമല വാഹനാപകടത്തെ തുടർന്ന് മണിക്കൂറുകളോളം എരുമേലി-പമ്പ പാതയിൽ ഗതാഗതം തടസ്സപെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് കെ എസ് ആർ ടി സി യും ലോറിയും റോഡിൽ നിന്ന് നീക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.