മഞ്ഞിനും തണുപ്പിനുമിടയിൽ നിന്നല്ല, ചൂടുള്ള റെഡിയേഷൻ റൂമിൽ നിന്നും ഒരു സാന്റ! കരിത്താസ് ആശുപത്രിയിലെ ക്യാൻസർ വാർഡിൽ ക്രിസ്മസ് ആഘോഷത്തിൽ സാന്റയായി നിഷാ


കോട്ടയം: " ഈ സാന്റാ മഞ്ഞിനും തണുപ്പിനും ഇടയിൽ നിന്നല്ല നിങ്ങൾക്കരികിലേക്ക് എത്തുന്നത്, ചൂടുള്ള റേഡിയേഷൻ റൂമിൽ നിന്നുമാണ്", വാക്കുകൾ ക്യാൻസർ അതിജീവിതയായ ജോസ് കെ മാണി എം പി യുടെ ഭാര്യ നിഷാ ജോസിന്റെയാണ്.

 

 കോട്ടയം കരിത്താസ് ആശുപത്രിയിൽ ക്യാൻസർ വാർഡിലെ ക്രിസ്മസ് ആഘോഷത്തിൽ ചുവന്ന തൊപ്പിയും ഉടുപ്പുമായി കൈയിൽ ബലൂണുകളും വടിയുമായി സാന്റയായി എത്തിയതാണ് നിഷാ ജോസ്. കേക്ക് മുറിച്ചും ആടിയും പാടിയും ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിച്ചു. ക്യാൻസർ വാർഡിലും കൂടെ എത്തിയവരിലും സാന്റാ ക്രിസ്മസ് ആഘോഷത്തിന്റെ ആഹ്ലാദങ്ങൾ വാരി വിതറി. രോഗികൾക്കും ചികിത്സയിലുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ പ്രത്യേകം അനുമതി വാങ്ങിയാണ് സാന്റയായി നിഷ എത്തിയത്. ക്യാൻസർ ബാധിതരായി ചികിത്സയിലുള്ളവരുടെ മുഖത്തു ക്രിസ്മസ് ആഘോഷങ്ങൾ നിറപ്പക്കിട്ട് പകർന്നു. നിഷയുടെ 11-ാം റേഡിയേഷനായിരുന്നു കഴിഞ്ഞ ദിവസം. ഇതിനു ശേഷമാണ് സാന്റയായി നിഷ വേഷമിട്ട് എത്തിയത്. കാരിത്താസ് ജോയിന്റ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ഫാ. ജോയിസ് നന്തിക്കുന്നേൽ, ഡോ. ജോസ് ടോം എന്നിവർ പ്രസംഗിച്ചു.