ക്രിസ്മസ് വേഷമണിഞ്ഞ് പൊന്നോമനകൾ! വേറിട്ട ക്രിസ്മസ് ആഘോഷവുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി.


കാഞ്ഞിരപ്പള്ളി: ചുവന്ന തൊപ്പിയും ബലൂണുകളുമായി കുഞ്ഞിപ്പല്ലും മോണകളും കാട്ടി പാൽപുഞ്ചിരി മുഖവുമായി ക്രിസ്മസ് വേഷമണിഞ്ഞ് പൊന്നോമനകൾ. വിസ്മയ കാഴ്ചയും ഒപ്പം വേറിട്ട ക്രിസ്മസ് ആഘോഷവുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി.

 

 കഴിഞ്ഞ ദിവസമായിരുന്നു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഈ ആഘോഷങ്ങളിൽ താരമായി മാറിയത് അൻപതോളം പൊന്നോമനകളാണ്. നവജാതശിശുക്കൾക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കുന്നുംഭാഗം കാർഷിക കൂട്ടം ആണ് 'കിഡ്‌മസ്' എന്ന ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചത്. നവംബറിൽ മാത്രം 117 കുഞ്ഞുങ്ങൾ ആണ് ഇവിടെ ജനിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജി വിഭാഗം ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. കുന്നുംഭാഗം കാർഷികക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉത്‌ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ നിരവധിപ്പേരും ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. കരോൾ ഗാനങ്ങൾ പാടിയും കേക്ക് മുറിച്ചും ക്രിസ്മസിന്റെ വരവ് ആഘോഷമാക്കി.