മധ്യകേരളത്തിലെ ആദ്യ ദേശീയ അംഗീകാരമുള്ള ബ്ലഡ് സെന്‍റര്‍ ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയില്‍.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ ബ്ലഡ് സെന്‍ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ ദേശീയ അംഗീകാരം. ഈ അംഗീകാരം ലഭിക്കുന്ന മധ്യകേരളത്തിലെ ആദ്യത്തേയും കേരളത്തിലെ നാലാമത്തെയും ബ്ലഡ് സെന്‍ററാണ് ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിലേത്. എന്‍.എ.ബി.എച്ച് അംഗീകാര സമര്‍പ്പണം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി. നിര്‍വഹിച്ചു. അപ്പസ്തോലിക സ്ഥാനപതി മാര്‍ ജോര്‍ജ്ജ് കോച്ചേരി, അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ സന്നിഹിതരായി. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുവേണ്ടി രക്തത്തിന്‍റെ ശേഖരണം മുതല്‍ തരം തിരിക്കല്‍, വിതരണം, ഗുണമേന്മ എന്നീ മേഖലകളില്‍ മികച്ച സേവനം ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്. ഇന്ത്യയിലെ തന്നെ ചുരുക്കം ബ്ലഡ് സെന്‍ററുകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗീകാരമാണ് ചെത്തിപ്പുഴ ആശുപത്രി നേടിയത്. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സംഗമത്തിൽ  സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. തുടർന്ന് ബ്ലഡ് സെന്‍ററിന് എന്‍. എ. ബി. എച്ച്. അംഗീകാരം നേടുന്നതിന്‍റെ ആവശ്യകതയെപ്പറ്റിയും രക്തഘടകങ്ങളുടെ യുക്തിസഹമായ ഉപയോഗങ്ങളെക്കുറിച്ചും കോട്ടയം മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ചിത്ര ജെയിംസ്, ഹോസ്പിറ്റല്‍ ബ്ലഡ് സെന്‍റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന അബ്ദുല്‍ കരീം എന്നിവര്‍ നയിച്ച സി.എം.ഇ.യും സംഘടിപ്പിച്ചു.