കോട്ടയം: ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ പുഞ്ചിരിയോടെ ധൈര്യമായി നേരിട്ട് ജീവിത വിജയം നേടിയ ഡോ. ഷാഹിന കുഞ്ഞുമുഹമ്മദ്‌. പ്രതിസന്ധികളിൽ തളർന്നു ജീവിതത്തിൽ നിന്നു തന്നെ ഓടിയൊളിക്കുന്നവർക്ക് വലിയൊരു മാതൃകയാണ് ഷാഹിന. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ശരീരത്തിലും മുഖത്തും പൊള്ളലേറ്റ ഷാഹിനയുടെ ഫോട്ടോഷൂട്ട് മലരിക്കലിലെ  ആമ്പൽ പൂക്കളുടെ നിറഭംഗിയിൽ ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷ്‌ പകർത്തിയത്. അന്ന് വിഷ്ണു പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അഞ്ചുവയസ്സുള്ളപ്പോഴാണ് മണ്ണെണ്ണ വിളക്കിൽ നിന്നും തീയാളി പടർന്ന് ഷാഹിനയ്ക്ക് ശരീരത്തിലും മുഖത്തും പൊള്ളലേറ്റത്. ചികിത്സകൾക്ക് ശേഷം മുഖത്തിന്റെ ഭംഗി നഷ്ടമായതറിഞ്ഞ ഷാഹിന മറ്റുള്ളവർക്ക് മുൻപിൽ നിന്നും ഓടിയകലുകയായിരുന്നു. എന്നാൽ പിന്നീട് സ്വയം ആർജ്ജിച്ച ആത്മവിശ്വാസവും ധൈര്യവും കൈമുതലാക്കി ഷാഹിന ജീവിത വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടി കയറി തുടങ്ങി. 2021 സെപ്റ്റംബറിലാണ് വിഷ്ണു ഷാഹിനയുടെ ചിത്രങ്ങൾ പകർത്തിയത്. 2 വർഷങ്ങൾക്കിപ്പുറം ഷാഹിനയ്ക്കൊപ്പം കൈപിടിച്ചു ഒപ്പം നടക്കാൻ, തളരാതെ ചേർത്ത് പിടിക്കാൻ ഭർത്താവ് നിയാസും ഒപ്പമുണ്ട്. 



2 വർഷങ്ങൾക്ക് മുൻപ് വിഷ്ണു പകർത്തിയ ചിത്രങ്ങൾ കണ്ടാണ് നിയാസും ഷാഹിനയ്ക്ക് അരികിലെത്തിയത്. ഇപ്പോൾ ഇവരുടെ ഒന്നാം വിവാഹ വാർഷികം അടുത്തു വരികയാണ്. ഷാഹിനയെക്കുറിച്ചറിഞ്ഞ് മമ്മൂട്ടി ചികിത്സാസഹായവുമായി എത്തുകയും പതഞ്‌ജലി ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയിമായിരുന്നു. 2 വർഷങ്ങൾക്കിപ്പുറം ഷാഹിനയുടെ പൊള്ളലേറ്റ മുഖത്തിനു ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ജീവിതത്തിനു നിറങ്ങൾ സമ്മാനിച്ച മലരിക്കലിൽ വീണ്ടും ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ വിഷ്ണുവും ഷാഹിനയും നിയാസും. വിഷ്ണു പകർത്തിയ ചിത്രത്തിലൂടെയാണ് ഷാഹിനയുടെ ജീവിതത്തിനു പുത്തൻ നിറങ്ങൾ ചാർത്തിയത്. ഷാഹിന ഇപ്പോൾ മലപ്പുറം പെരുമ്പടപ്പിലെ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫിസറാണ്. വിഷ്ണുവിന്റെ പുതിയ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നിൽ കുഞ്ഞുമുഹമ്മദ്‌-സുഹറ ദമ്പതികളുടെ 4 പെണ്മക്കളിൽ ഏറ്റവും ഇളയവളാണ് ഷാഹിന. അഞ്ചാം വയസ്സിൽ കറന്റ് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചു പഠിക്കുന്നതിനിടെ വിളക്ക് തട്ടി മറിഞ്ഞു തീ പിടിക്കുകയായിരുന്നു. അന്നത്തെ അപകടത്തിൽ 80 ശതമാനത്തിലധികം ഷാഹിനയ്ക്ക് പൊള്ളലേറ്റിരുന്നു. ഏറെ നാളത്തെ ചികിത്സകൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയതും പഠിച്ചു മിടുക്കിയായി ജീവിത വിജയം നേടി മാതൃകയായതും.