രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച് കോട്ടയം സ്വദേശിനി! കേൾവിയും സംസാരശേഷിയുമില്ല, സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാ


കോട്ടയം: രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച് കോട്ടയം സ്വദേശിനി. സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ച ചരിത്ര വനിതയായി മാറി കോട്ടയം സ്വദേശിനി അഡ്വ.സാറാ സണ്ണി. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണിയാണ് സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചു ചരിത്ര വനിതയായിരിക്കുന്നത്. ജഡ്ജിക്ക് മനസ്സിലാകാൻ ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയുടെ സഹായത്തോടെ മൊഴി മാറ്റിയായിരുന്നു വാദം. ഓൺലൈനായിട്ടാണ് കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു, വ്യാഖ്യാതാവിന് നടപടി ക്രമങ്ങളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി. അങ്ങനെ സാറയ്ക്കൊപ്പം റോയ്‌ ചൗധരിക്കും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ അനുമതിയായി. ഭിന്നശേഷിക്കാരെ മുൻനിരയിൽ കൊണ്ടുവരാനുള്ള എല്ലാ വാതിലുകളും തുറന്നിട്ടു കൊടുക്കാൻ സുപ്രീം കോടതി മുന്നിട്ടിറങ്ങിയത് വലിയ പ്രതീക്ഷ നൽകുന്നതാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് വാദം കേട്ടത്. ബെംഗളൂരുവിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകളാണ് സാറാ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കോടതിയിൽ സാറാ ഓൺലൈനായി ഹാജരായത്. മൊഴിമാറ്റത്തിന്റെ വേ​ഗതയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെയുള്ളവർ അഭിനന്ദനമറിയിച്ചു. ഭിന്നശേഷിക്കാരായ അഭിഭാഷകരെ ഉൾക്കൊള്ളുന്ന അന്തരീക്ഷമായി രാജ്യത്തെ കോടതികൾ മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് മുമ്പ് പറ‍ഞ്ഞിരുന്നു.  ഭിന്നശേഷിക്കാരായ 2 പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന കാര്യവും ഇതിനിടയിൽ പ്രസക്തമാകുന്നു. അഡ്വക്കേറ്റ് ഓൺ റെക്കോഡ് എന്ന സംഘടനയിലെ സഞ്ജിത ഐൻ ആണ് സാറയ്ക്ക് കേസ് വാദിക്കാൻ അവസരമൊരുക്കിയത്.