കുറവിലങ്ങാട്: ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി നമ്മുടെ കോട്ടയത്ത് എത്തുന്നു എന്ന് അറിഞ്ഞതിൽ നിർമ്മാണം ആരംഭിച്ചത് മുതൽ അഭിമാന നിമിഷത്തിലായിരുന്നു കോട്ടയംകാർ. എന്നാൽ ഇപ്പോൾ നിർമ്മാണം ആരംഭിച്ചു 10 വർഷം തികയാൻ മാസങ്ങൾ മാത്രം ബാക്ക് നിൽക്കെ കോട്ടയംകാരുടെ അഭിമാനമായി മാറേണ്ടിയിരുന്ന സയൻസ് സിറ്റി ഇന്ന് 'പച്ച പിടിച്ചു'കിടക്കുകയാണ്. കാടുകയറി നശിക്കുന്നത് കോടിക്കണക്കിനു രൂപ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളാണ്. 2014 ൽ നിർമ്മാണം ആരംഭിച്ച സയൻസ് സിറ്റി 10 വർഷമെത്തിയിട്ടും നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് പ്രദേശവാസികളും നാട്ടുകാരും പറയുന്നു. തുടരെ തുടരെ മുടങ്ങിക്കൊണ്ടിരുന്ന സയൻസ് സിറ്റി നിർമ്മാണം ഇടയ്ക്കിടെ മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ മാത്രം പുനരാരംഭിക്കും. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് അധിക ദിവസങ്ങളുടെ ആയുസ്സ് ഉണ്ടാകാറില്ല. പ്രവർത്തനങ്ങൾ തുടങ്ങിയതിനുള് വേഗത്തിൽ മുടങ്ങിക്കൊണ്ടിരുന്നു. കോട്ടയം കുറവിലങ്ങാട് കോഴയിൽ ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന സയൻസ് സിറ്റിയാണെന്നും സയൻസ് സിറ്റിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കോട്ടയത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടെ സ്വന്തമാകുമെന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ വിവിധ സമയങ്ങളിൽ സ്ഥലം സന്ദർശിച്ചിരുന്ന നേതാക്കളും മന്ത്രിമാരും പറഞ്ഞിരുന്നത്. ഐ.എസ്.ആർ.ഓ യുടെ സഹകരണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പേസ് തീയേറ്ററാണ് ഇവിടെ നിർമ്മിക്കാനൊരുങ്ങിയത്. ശാസ്ത്ര കൗതുകങ്ങളും നിരവധി ശാസ്ത്ര പ്രതിഭകളുടെ പ്രതിമകളും സയൻസ് സിറ്റിയിൽ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇവയെല്ലാം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഓപ്പൺ തീയേറ്റർ,ലേസർ ഷോ, മോഷൻ സ്റ്റിമുലേറ്റർ,മ്യൂസിക് ഫൌണ്ടേഷൻ എന്നിവയെല്ലാം സയൻസ് സിറ്റിയിൽ ഒരുക്കുന്നുണ്ട് എന്നായിരുന്നു പ്രഖ്യാപനം. ഇവയിൽ പലതിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതും പാതി വഴിയിൽ നിലച്ചതും നിർമ്മാണമേ ആരംഭിക്കാത്തതുമുണ്ട്. കെട്ടിടങ്ങൾ മുഴുവനും കാട് കയറി നശിച്ച നിലയിലാണ്. സയന്സ് സിറ്റിയുടെ പ്രദേശമാകെ കാട് കയറിയ നിലയിലാണ്. 2021 ജനുവരിയിൽ സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി തോമസ് ചാഴികാടൻ എം പിയും അന്നത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി,സയൻസ് സിറ്റിയുടെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ,തദ്ദേശ സ്ഥാപന അംഗങ്ങൾ തുടങ്ങിയവർ സന്ദർശിച്ചിരുന്നു. അപ്പോൾ തന്നെ സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ട് 7 വർഷങ്ങളായിരുന്നു. തുടർന്ന് 2021 ഓഗസ്റ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു തുറന്നു നൽകുമെന്ന് എം പി അറിയിച്ചെങ്കിലും ഇന്നും അത് ഒരു വെറും വാക്കായി തുടരുകയാണ്. ജോസ് കെ മാണി എംപി ആയിരുന്നപ്പോൾ നടത്തിയ ശ്രമഫലമാണ് സയൻസ് സിറ്റി നിർമ്മാണം ആരംഭിച്ചതെന്നും അന്നുവരെ നിർമ്മാണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ 120 കോടി രൂപ അനുവദിച്ചതായും തോമസ് ചാഴികാടൻ എം പി പറഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി അന്ന് ആവശ്യമുള്ളത് 30 കോടി രൂപയായിരുന്നു. എന്നാൽ പ്രഖ്യാപനങ്ങൾ വാക്കുകളിലൊതുങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നീണ്ടു പോകുകയായിരുന്നു. 2021 ഓഗസ്റ്റിൽ മോൻസ് ജോസഫ് എം.എൽ.എ യുടെയും സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർ ഡോ. ജി.പി പത്മകുമാറിന്റെയും നേതൃത്വത്തിൽ സയൻസ് സിറ്റിയിൽ സന്ദർശനം നടത്തുകയും ഭാവി നിർമ്മാണത്തിന് അനിവാര്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനീക്കുകയും ചെയ്തു. കുറവിലങ്ങാട് കോഴായിൽ സംസ്ഥാന സർക്കാർ വിട്ട് നൽകിയ 30 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കേരള സയൻസ് സിറ്റിയുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങളിൽ വിവിധ പദ്ധതികൾ മുടങ്ങിപ്പോവുകയും അന്യായമായ കാലതാമസം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലുള്ള സ്ഥിതിവിശേഷം നേരിട്ട് പരിശോധിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടി സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർ ഡോ. ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. 2012 - 13 സംസ്ഥാന ബഡ്ജറ്റിൽ യുഡിഎഫ് സർക്കാരിന് വേണ്ടി അന്തരിച്ച മുൻ ധനകാര്യ മന്ത്രി കെ.എം മാണി അവതരപ്പിച്ച ബഡ്ജറ്റിലാണ് കേരള സയൻസ് സിറ്റിയുടെ ആദ്യത്തെ പ്രഖ്യാപനം ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി ഏറ്റെടുത്ത കേരള സയൻസ് സിറ്റി നിർമ്മാണത്തിന് 2014 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തി തുടക്കം കുറിച്ചെങ്കിലും അധികം താമസിക്കാതെ വിവിധങ്ങളായ പ്രതിസന്ധികൾ കടന്ന് വന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിൽ എത്തിച്ചേരുകയായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നേതൃത്വം കൊടുത്ത് കൊണ്ട് ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പിയും, മോൻസ് ജോസഫ് എംഎൽഎയുടെയും സാന്നിദ്ധ്യത്തിൽ യോഗം വിളിച്ച് ചേർത്തെങ്കിലും വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ രംഗത്ത് കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും നിർമ്മാണ രംഗത്ത് മുഖ്യ പ്രതിസന്ധിയായിട്ടാണ് ഇപ്പോഴും നിലനിൽക്കുന്നത്. 2022 ഡിസംബറിൽ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക് മുൻപായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞെങ്കിലും അതും വെറും വാക്കായി തുടരുകയായിരുന്നു. ശാസ്ത്ര ഗ്യാലറികളും ശാസ്ത്ര പാർക്കും ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ജ്യോതി ശാസ്ത്ര മേഖലയിലേക്ക് വെളിച്ചം വീശുന്ന പ്ലാനറ്റേറിയം, വാനനിരീക്ഷണ സംവിധാനം, മോഷൻ സിമുലേറ്ററുകൾ, സംഗീത ജലധാര ലേസർ പ്രദർശനം മുതലായവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്തിനായി പദ്ധതിയുണ്ടായിരുന്നത്. നിർമ്മാണം ഇപ്പോൾ പൂർണ്ണമായും മുടങ്ങിയിട്ട് 6 മാസമായി. കരാറുകൾക്ക് പിന്നാലെ ഉപകരാർ നൽകിയെകിലും പണം ലഭിക്കാത്തതിനാൽ കരാറുകൾ പണികൾ ഉപേക്ഷിക്കുകയായിരുന്നു.