പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കുമരകം സ്വദേശിനിയായ യുവതി മരിച്ച സംഭവം: മരണം ഹൃദയാഘാതം കാരണമെന്ന് പ്രാഥമിക നിഗമനം, ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ


കോട്ടയം: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കുമരകം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ മരണം ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭ്യമായതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകു എന്ന് ഡോക്ടർമാർ പറഞ്ഞു. പൊന്നാട് പുത്തൻ പുരയിൽ നിധീഷിന്റെ ഭാര്യയും കുമരകം സ്വദേശിനിയുമായ പി.ആർ.രജിത(33)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ഗുരുതര ചികിത്സാ പിഴ ആരോപിച്ചു ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രജിത ആലപ്പുഴ കടപ്പുറം മാതൃ-ശിശു ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനു ശേഷവും രജിത അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. സിസ്സേറിയനു വേണ്ടി യുവതിക്ക് അനസ്തേഷ്യ നൽകിയിരുന്നു. അബോധാവസ്ഥ തുടർന്നതോടെ ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 4 ദിവസമായി അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നൽകിയ അനസ്തേഷ്യയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. രജിതയുടെ മൃതദേഹം പൊന്നാട് എസ്എൻഡിപി ശാഖയിൽ പൊതുദർശനത്തിനു ശേഷം കുമരകത്തെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.