വരൂ മൺസൂൺ ആസ്വദിക്കാം; ടൂർ പാക്കേജുമായി ടൂർഫെഡ്.

കോട്ടയം: കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാൻ സഞ്ചരികൾക്കായി സ്പെഷൽ ടൂർ പാക്കേജ് ഒരുക്കി കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ. കേരളത്തിന്റെ ഉൾനാടൻ മേഖലകളിലേക്ക് കൂടുതൽ ടൂർ പാക്കേജുകൾ ഒരുക്കിയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

 

 ഇതിന്റെ ഭാഗമായി കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ മൺസൂൺ ഹൗസ് ബോട്ട് ടൂറിസം പാക്കേജ് ആരംഭിച്ചു. മൺസൂണിൽ കായലിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് അഞ്ചു മണിക്കൂർ കായൽ ചുറ്റാനുള്ള അവസരവുമാണ് നൽകുന്നത്.  ദിനയാത്രയും രാപകൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ദിനയാത്ര രാവിലെ 11ന് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കും. രാപകൽ യാത്രയ്ക്ക് ഉച്ചയ്ക്ക് 12നാണ് ചെക്ക് ഇൻ സമയം.

 

 കുമരകം ചീപ്പുങ്കലിൽ നിന്നും യാത്ര ആരംഭിച്ച് അവിടെ തന്നെ പിറ്റേദിവസം രാവിലെ ഒമ്പതിന് യാത്ര അവസാനിക്കുന്ന തരത്തിലാണ് ടൂർ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. വെൽക്കം ഡ്രിങ്കിന് ശേഷം ഉച്ചയ്ക്ക് കപ്പയും മീൻ കറിയും സ്പെഷൽ കരിമീൻ ഫ്രൈയും ചേർന്നുള്ള ഭക്ഷണം. വൈകുന്നേരം ലഘുഭക്ഷണവും, വൈകിട്ട് അത്താഴവും ഉൾപ്പെടുന്നതാണ് പാക്കേജ്. എ.സി റൂമാണ് സഞ്ചാരികൾക്ക് ലഭിക്കുക. പിറ്റേദിവസം രാവിലെ പ്രഭാത ഭക്ഷണവും ഉണ്ടാവും. കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും പുറമെ നവദമ്പതികൾക്കായും ഹൗസ് ബോട്ടുകളിൽ പ്രത്യേകം ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സംഘങ്ങളായി വരുന്നവർക്ക് യാത്രയിൽ ഗൈഡിന്റെ സേവനവും ലഭ്യമാകും.  നവദമ്പതികൾക്കായുള്ള രാപകൽ ടൂർ പാക്കേജിന് 13,500 രൂപയാണ്. 24 പേരുള്ള സംഘങ്ങളിൽ ഒരാൾക്ക്  കുറഞ്ഞത് 1100 രൂപ വീതവും 34 പേരടങ്ങുന്ന സംഘങ്ങൾക്ക്് ഒരാൾക്ക് 950 രൂപയുമാണ് ചാർജ്. സംഘയാത്രയ്ക്ക് അഞ്ച് കിടപ്പുമുറികൾ വരെയുള്ള ബോട്ടുകൾ ഉണ്ട്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 0471- 2314023, 2724023, 9495405075 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. മഴ നനയാനും കാണാനും എത്തുന്നവർക്ക് മനം നിറയ്ക്കുന്ന അനുഭവമാണ് മൺസൂൺ ടൂറിസം.