ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്തർദ്ദേശീയ നഴ്സസ് വാരാചരണത്തിന്റെയും ആശുപത്രിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി ഏഴ് പഞ്ചായത്തുകളുടെ സഹകരണത്തോടെ എഴുനൂറിലധികം ഭവനങ്ങളിൽ ആശുപത്രിയിലെ നഴ്സുമാർ അടക്കമുള്ള ആരോഗ്യ സംഘമെത്തി സൗജന്യ ആരോഗ്യപരിചരണം നടത്തി.
2023 മെയ് 11 രാവിലെ എട്ട് മണിക്ക് ആരോഗ്യപരിചരണം കുടുംബങ്ങളിലേക്ക് എന്ന ആശയവുമായി ആരംഭിച്ച സുസ്മേര പ്രോജക്റ്റിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്പ് മാർ തോമസ് തറയിൽ നിർവ്വഹിച്ചു. ചങ്ങനാശ്ശേരി മുൻസിപ്പൽ വൈസ് ചെയർമാൻ ബെന്നി ജോസഫ് യോഗത്തിന് മുഖ്യപ്രഭാഷണം നൽകി. നൂറോളം നഴ്സുമാരും മറ്റു ആരോഗ്യപരിവർത്തകരും ഭാവനങ്ങളിലെത്തി നൽകിയ ആരോഗ്യ പരിചരണം നിർധാരരായ നിരവധി രോഗികൾക്ക് ആശ്വാസമായി. രക്തസമ്മർദ്ദ പരിശോധന, പ്രമേഹ പരിശോധന, രക്തത്തിലെ ഓക്സിജൻൻറെ അളവ് നോക്കുന്ന SPO2 പരിശോധന, ആരോഗ്യപരമായ മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ ഭവന സന്ദർശനത്തിന്റെ ഭാഗമായി നടത്തി.
ചങ്ങനാശ്ശേരി നഗരസഭയിലെയും, വാഴപ്പള്ളി, കുറിച്ചി, പുളിങ്കുന്ന്, മാടപ്പള്ളി, തൃക്കൊടിത്താനം, വെളിയനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ സംഘമെത്തി പരിചരണം നൽകിയത്. ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ജെയിംസ് പി കുന്നത്ത്, അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയാ, പോൾ മാത്യു, സി. മെറീന എസ്.ഡി , പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത ശുശീലൻ, സുവർണ്ണ കുമാരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ ഏഴ് സാമൂഹികക്ഷേമ പദ്ധതികൾ 2022 നവംബർ മുതൽ പ്രാബല്യത്തിലുണ്ട്. പ്രസ്തുത സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായ ആർദ്രത്തിന്റെ ഭാഗമായി കീമോതെറാപ്പിക്ക് 200 രൂപയും ഡയാലിസിസിന് 300 രൂപയുമേ ഈടാക്കുന്നുള്ളു.