ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് ഇ ഓട്ടോ കൈമാറി.

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മസേനയ്ക്ക് വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വാങ്ങിയ ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഹരിതകർമ്മ സേനയ്ക്ക് കൈമാറി. 

ഹരിതകർമ്മ സേനയക്ക് വേണ്ടി കൺസോർഷ്യം പ്രസിഡന്റ് രാഖി അനിൽ വാഹനം ഏറ്റുവാങ്ങി. 4,97,000 രൂപ ചെലവഴിച്ചു വാങ്ങിയ വാഹനം 80 കിലോമീറ്റർ മൈലേജും 350 മുതൽ 400 കിലോഗ്രാം ഭാരം വഹിക്കുവാൻ ശേഷിയുള്ളതുമാണ്. വാഹനം ഓടിക്കുന്നതിന് ആവശ്യമായ പരിശീലനം ഹരിതകർമ്മ സേന അംഗങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും. 

ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. തങ്കച്ചൻ, ന്യൂജന്റ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനു ജോസ്, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ് നിർവഹണ ഉദ്യോഗസ്ഥരായ ലിഷ പി.ജോസ്, കെ.എ. കപിൽ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.