ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബ് മാർ സ്ലീവാ മെഡിസിറ്റിയിൽ.


പാലാ: അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുടെ ശസ്ത്രക്രിയ നൈപുണ്യ പരിശീലനത്തിന് വേണ്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർത്രോസ്കോപ്പി സ്കിൽ ലാബിന്റെ ഉദ്‌ഘാടനം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. 

സ്പോർട്സ് മെഡിസിൻ ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ വിഭാഗങ്ങളും ആയുർവ്വേദം പോലെയുള്ള പാരമ്പര്യ ചികിത്സ വിഭാഗങ്ങളും സംയോജിപ്പിച്ചാൽ മറ്റു രാജ്യങ്ങളിൽ നിന്ന് കായിക താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ചികിത്സ ലഭ്യമാക്കി കേരളത്തെ ഒരു മെഡിക്കൽ ഹബ്ബാക്കി മാറ്റാൻ സാധിക്കുമെന്ന് മന്ത്രി വീണ ജോർജ് ഉദ്‌ഘാടന സന്ദേശത്തിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012 ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തി എല്ലാ ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി നിയമനിർമ്മാണത്തിന് വേണ്ട കാര്യങ്ങൾ ഉടൻ മന്ത്രിസഭ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 

ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണെന്നും അവർക്ക് ഒരു സംരക്ഷണ കവചം തീർക്കണമെന്ന് മന്ത്രി കൂട്ടിചേർത്തു. ഡോക്ടർമാരുടെയും,  ആരോഗ്യപ്രവർത്തക്കാരുടെയും സുരക്ഷ ഉറപ്പാക്കി അവർക്ക് യാതൊരു ഭയവും കൂടാതെ സേവനം ചെയ്യുവാനുള്ള അവസരം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദൈനം ദിനം പുതിയ ചികിത്സാ സംവിധാനങ്ങളും രീതികളും കണ്ടെത്തുന്ന ഈ ആധുനിക യുഗത്തിൽ ഡോക്ടർമാരുടെ ശസ്ത്രക്രിയ നൈപുണ്യ പരിശീലനം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം ആണ്. കാലത്തിന്റെ ഈ ആവശ്യം മുന്നിൽ കണ്ടാണ് സ്‌ട്രൈക്കർ ഇന്ത്യയുമായി സഹകരിച്ച്‌ പുതിയ സ്കിൽ ലാബും യെനപ്പോയ സർവകലാശാലയുമായി ചേർന്ന് ഫെല്ലോഷിപ്പ് കോഴ്സും ആരംഭിക്കുന്നതെന്ന് പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

മികച്ച ചികിത്സാ സംവിധാനങ്ങളും അതിനൊപ്പം അക്കാഡമിക് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് മാർ സ്ലീവാ മെഡിസിറ്റി വരുത്തുന്നതെന്ന് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് കോഴ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച മോൻസ് ജോസഫ് എം. എൽ. എ. അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്താണെങ്കിലും നാടിന്റെ പൊതു നന്മക്കും ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കും വേണ്ട എന്ത് നിയമം സർക്കാർ  നടപ്പാക്കിയാലും അതിനെ സ്വാഗതം ചെയ്ത് പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഓ. റ്റി. ജോർജ് ആർത്രോസ്കോപ്പി സ്കിൽ ലാബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

ആശുപത്രി ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവേൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ. കോമഡോർ (റിട്ട.)ഡോ.പോളിൻ ബാബു, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ്  പ്രൊഫ . ഡോ. മാത്യു  എബ്രഹാം മധ്യകേരള ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. മാത്യു പുതിയിടം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.