കാലത്തിനൊത്ത് പ്രകൃതിക്കൊപ്പം; യുവതയുടെ മികവറിയിച്ച് എം.ജി. സർവകലാശാല.


കോട്ടയം: ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള കൃഷി, വിദ്യാർഥികളുടെ ഗവേഷണ കണ്ടുപിടുത്തങ്ങളിൽ നിന്ന് വിപണിയിലെത്തിച്ച ഉത്പന്നങ്ങൾ, മാലിന്യ സംസ്‌കരണത്തിൻറെ പുതു വഴികൾ തുടങ്ങി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയിൽ മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്റ്റാൾ സാധ്യതകളുടെ ലോകമാണ് സന്ദർശകർക്കു മുന്നിൽ തുറക്കുന്നത്. 

കൃഷിയിടത്തിലെ ജലാംശം, വെളിച്ചം, അന്തരീക്ഷത്തിലെ ഈർപ്പം തുടങ്ങിയവ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് റോബോട്ടിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ശാസ്ത്ര ഗവേഷണ ഫലങ്ങൾ ബിസിനസ് സംരംഭങ്ങളായി മാറ്റാനുള്ള സാധ്യതകൾ ബിസിനസ് ഇന്നവേഷൻ ആൻറ് ഇൻകുബേഷൻ സെൻറർ(ബി.ഐ.ഐ.സി) പരിചയപ്പെടുത്തുന്നു. 

കൈതച്ചക്കയുടെ ഇലയിൽ നിന്നും വേർതിരിച്ചെടുത്ത പ്രകൃതിദത്ത ഫൈബർ, ചെടികളുടെ പ്രതിരോധ ശേഷി കൂട്ടുന്ന നാനോപവർ, ധാന്യങ്ങളുടെ ആവരണത്തിൽ നിന്നും തയ്യാറാക്കുന്ന ഭക്ഷ്യയോഗ്യമായ ധാന്യമൃത്, പഴവർഗങ്ങളുടെ തൊലിയിൽ നിന്ന് വേർതിരിച്ച ഫ്രൂട്‌സ്‌ക്യൂട്ട്, പ്രമേഹ രോഗികൾക്കുള്ള ഡയ ഹെർബെൽസ് ഉത്പന്നങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ബി.ഐ.ഐ.സിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉത്പന്നങ്ങളുമുണ്ട്. അക്കാദമിക്, ഗവേഷണ, സംരംഭകത്വ മേഖലകളിൽ ബഹുദൂരം മുന്നിൽ സഞ്ചരിക്കുമ്പോഴും സർവകലാശാല പരിസ്ഥിതി സംരക്ഷണത്തിൽ ജാഗ്രത പുലർത്തുന്നതിൻറെ സാക്ഷ്യപത്രമാണ് ഹരിത പ്രോട്ടോക്കോൾ പദ്ധതി - നിർമ്മലം എം.ജി.യുവിൻറെ ഉത്പന്നങ്ങൾ. 

മാലിന്യങ്ങളിൽനിന്നും തയ്യാറാക്കിയ വളവും കൃഷി സാമഗ്രികളുമൊക്കെ കുറഞ്ഞ വിലയിലാണ് വിൽക്കുന്നത്.  കരിയിലകൾ ശേഖരിച്ച് പൊടിച്ച് കൃഷിക്ക് ഉപയോഗിക്കാൻ ഉപകരിക്കുന്ന ഡ്രൈ ലീഫ് കംപോസ്റ്ററിന് ഏറെ ബുക്കിംഗ് ലഭിക്കുന്നുണ്ട്. ദേശീയ, രാജ്യാന്തര തലങ്ങളിലെ സർവകലാശാലയുടെ നേട്ടങ്ങൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനവും ഇവിടെയുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂതന കർമ്മപരിപാടികൾ വിജയകരമായി നടപ്പാക്കിയതിൻറെ സാക്ഷ്യപത്രമെന്ന നിലയിലാണ് യുവതയുടെ കേരളം എന്ന വിഷയത്തിൽ നടത്തുന്ന മേളയിൽ സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.