നാവിൽ പൊട്ടിത്തെറിക്കും കരിഞ്ചീരക കോഴി; രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ഫുഡ് കോർട്ട്, മേള തുടങ്ങിയതുമുതൽ ഹിറ്റായി കുടുംബശ്രീ ഫുഡ്‌കോർട്ട്!


കോട്ടയം:  നാവിൽ രുചി വിസ്മയം തീർക്കും കരിഞ്ചീരക കോഴിയാണ് ഇത്തവണ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ താരം. കോഴിക്കോടു നിന്നാണ് താരത്തിന്റെ വരവ്. കരിഞ്ചീരകം ചേർത്ത പ്രത്യേക മസാലയാണ് ഈ കോഴിയുടെ രുചികൂട്ട്. പേര് പോലെ വ്യത്യസ്തമായ ഈ ചിക്കൻ വിഭവത്തിന്റെ രുചിയും പൊളിയാണെന്നാണ് ഭക്ഷണ പ്രേമികൾ പറയുന്നത്. 

കരിഞ്ചീരക കോഴിക്ക് ബെസ്റ്റ് കോമ്പിനേഷൻ പൊറോട്ടയും, ചപ്പാത്തിയുമാണ്. സരസ് മേളയിൽനിന്നു കഴിച്ച ദം ബിരിയാണിയുടെ രുചി മറക്കാത്തവരും കുടുംബശ്രീയുടെ ഫുഡ് കോർട്ടിലേക്ക് എത്തുകയാണെന്ന് കോഴിക്കോട് കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള പ്രശാന്തി പറഞ്ഞു. കോട്ടയത്തിന്റെ സ്വന്തം  കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും  മേളയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പിടിയും കോഴിയും ഏറെ ആവശ്യക്കാരുള്ള മറ്റൊരു വിഭവമാണ്. എരിവ് പ്രേമികൾക്കായി കാന്താരി ചിക്കനും ഇടുക്കിക്കാരുടെ കൈവശമുണ്ട്. 

വിവിധ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസ്സി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി, തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങളും നിന്നുള്ള നൂഡിൽസ്, ചിക്കൻ, വെജ് - ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, സ്പ്രിംഗ് പൊട്ടറ്റോ, ഭേൽപൂരി, സേവ്പൂരി എന്നിവയും  ഫുഡ് കോർട്ടിൽ ഉണ്ട്. കനത്ത ചൂടിനെ വെല്ലാൻ  പച്ചമാങ്ങ, കാന്താരി നെല്ലിക്ക, പൈനാപ്പിൾ  എന്നിങ്ങനെ വിവിധജ്യൂസുകളും ലഭ്യമാണ്. 

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 12 ഫുഡ് സ്റ്റാളുകളാണുള്ളത്. മിൽമയുടെ സ്റ്റാളും ഫുഡ്‌കോർട്ടിലുണ്ട്.