മാതൃകയാണ് ഈ കുടുംബം! വെയിലേറ്റു ക്ഷീണിച്ചെത്തുന്ന വഴിയാത്രികർക്ക് കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ട, വീടിനോട് ചേർന്ന് കൂജയിൽ ദാഹജലം നൽകി വൈക്കത്ത് ഒരു കു


വൈക്കം: വൈക്കം മൂത്തേടത്ത്കാവ് റോഡ് വാതപ്പള്ളി ജംക്‌ഷന് സമീപമുള്ള ഒരു വീട്, അതെ ഈ വീടിനു ഒരു പ്രത്യേകതയുണ്ട്. ഈ വഴി വെയിലേറ്റു ക്ഷീണിച്ചെത്തുന്ന വഴിയാത്രികർക്ക് കുപ്പി വെള്ളത്തെ ആശ്രയിക്കേണ്ട, പിന്നെയോ, വീടിനു സമീപത്തായി കൂജയിൽ ദാഹജലം സജ്ജമാക്കി നൽകുകയാണ് ഈ കുടുംബം.

 

 ദിവസേന ചൂട് കൂടി വരുന്ന നമ്മുടെ ജില്ലയിൽ പകൽ പുറത്തിറങ്ങുന്നവർ എല്ലാവരും തന്നെ ഒരു നിമിഷത്തെ ചൂടേൽക്കുമ്പോൾ തന്നെ ദാഹജലത്തിനായി കുപ്പി വെള്ളത്തെയോ മറ്റു പാനീയങ്ങളെയോ ആശ്രയിക്കാറുണ്ട്. കാരണം അത്രയ്ക്ക് പൊള്ളുന്ന വെയിൽ ആണെന്നത് തന്നെയാണ് കാരണം. ഇവിടെയാണ് വൈക്കം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആയ കെ.എസ്. സജി കുമാറും ഭാര്യ സിന്ധുവും മക്കളായ അദിത്യയും അനികേതുമടങ്ങുന്ന ഈ കുടുംബം മാതൃകയാകുന്നത്‌. വീടിനോട് ചേർന്ന് റോഡിന്റെ സമീപത്തായി കൂജയിൽ വെള്ളവും ഗ്ളാസ്സും സജ്ജമാക്കിയിട്ടുണ്ട്. 

വഴിയാത്രികരിൽ ദാഹിച്ചെത്തുന്നവർക്ക് ആവശ്യാനുസരണം കുടിവെള്ളം ഉപയോഗിക്കാവുന്നതാണ്. ദിവസേന നിരവധിപ്പേരാണ് ഈ കുടുംബം സജ്ജമാക്കിയ സ്നേഹത്തിന്റെ കൂജയിൽ നിന്നും ദാഹജലം കുടിക്കുന്നത്. വീടിന്റെ മുന്നിൽ യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും കുടിക്കാന്‍ വെള്ളം വയ്ക്കാൻ തുടങ്ങിയിട്ട് നാലു വർഷമായതായി സജി കുമാറും ഭാര്യ സിന്ധുവും പറയുന്നു. അഞ്ചു ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള കൂജയിൽ ദിവസേന മൂന്നു നേരം വെള്ളം നിറയ്ക്കാറുണ്ട്. വൈക്കം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആയ കെ.എസ്.സജി കുമാറും ചാവക്കാട് താലൂക്ക് ഹൈഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഇസിജി ടെക്നിഷ്യനായ സിന്ധുവും ജോലിക്ക് പോകുന്നതോടെ മക്കളായ അദിത്യയും അനികേതുമാണ് ഇപ്പോൾ കൂജയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം നിറയ്ക്കുന്നത്. 

സ്‌കൂൾ വിദ്യാർത്ഥികളും വാഹന ഡ്രൈവർമാരും ലോട്ടറി കച്ചവടക്കാരും ഉൾപ്പടെ നിരവധിപ്പേർക്കാണ് ഈ കൂജയിലെ വെള്ളം ദിവസേന ആശ്വാസം പകരുന്നത്. കോവിഡ് കാലത്തും ഈ കുടുംബം കൂജയിൽ വെള്ളം നിറച്ചു ഡിസ്പോസബിൾ കപ്പ് ഉൾപ്പടെ വെച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സജികുമാർ.