കേരളപ്പിറവി ദിനത്തിൽ കോട്ടയത്തിനു അഭിമാനം, ഇനി കേരളത്തിന്റെ സ്വന്തം പേപ്പർ മിൽ ! കോട്ടയം വെള്ളൂരിൽ കെ.പി.പി.എല്ലിൽ വ്യാവസായികാടിസ്ഥാനത്തിൽ പേപ്പർ ഉത്പ


കോട്ടയം: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ  കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയ ആരംഭിച്ചു. കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പേപ്പർ ഉൽപാദനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് നടന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എം എൽ എ മാരായ സി കെ ആശ, മോൻസ് ജോസഫ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും (ആദ്യം 45 ജി എസ് എം ന്യൂസ് പ്രിൻ്റും പ്ലാൻ്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി എസ് എം ന്യൂസ് പ്രിൻ്റും) 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഉയരും. പാക്കേജിംഗ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ- കോമേഴ്‌സ്, റീട്ടെയ്ൽ, എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആന്റ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ഈ വളർച്ച ദൃശ്യമാണ്. പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെ.പി.പി.എൽ ശ്രമിക്കുക. 

കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2022 ജനുവരി 1ന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും 2022 മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാനും സാധിച്ചു. കേന്ദ്രസർക്കാരിന് കീഴിൽ മൂന്ന് വർഷത്തിലധികം കാലം പൂട്ടിക്കിടന്നതിന് ശേഷമുള്ള ഈ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 

സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്.  കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.പി.സിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത്  കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച്.എൻ.എൽ.  എന്നാൽ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ  ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ളാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയാണ് ലേലത്തിൽ പങ്കെടുത്ത് പോലും പൊതുമേഖലയിൽ നില നിർത്തി ഈ സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.

ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.  മൂവായിരത്തോളം  പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റും.  നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ട‌റി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്‌തിയും ആഴവും ബോധ്യപ്പെടുക.  

നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്‌തത്. ഒന്നാം ഘട്ടമായി  അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാൻ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി(പേപ്പർ മെഷീൻ, റീ സൈക്കിൾഡ് പൾപ്പിങ്ങ് പ്ലാൻ്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്.  രണ്ടാംഘട്ടവും സമയ ബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കി. രണ്ടാം ഘട്ടം പൂർത്തിയായതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് ഉയർന്നിട്ടുണ്ട്. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്‌ത പൾപ്പ് കൂടി ഉപയോഗിച്ച് വ്യാവാസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിൻ്റ് നിർമ്മാണം ആരംഭിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമ്മിക്കാൻ ആരംഭിക്കും. 2 ഘട്ടങ്ങളിലും പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്‌ച പോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണ്. പേപ്പർ നിർമ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിൽ വീഴ്ച വരാതിരിക്കുന്നതിനായി വ്യവസായ-വനം വകുപ്പ് മന്ത്രി തല യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും  സംസ്ഥാന വനം വകുപ്പിൻ്റെ തോട്ടത്തിൽ നിന്നും 24,000 മെട്രിക് ടൺ തടി സാമഗ്രികൾ ലഭ്യമാക്കാൻ ഉത്തരവ് ലഭിച്ചിരുന്നു. ഇതിനൊപ്പം സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള വേസ്റ്റ് പേപ്പറുകളും കെ പി പി എല്ലിനായി ലഭ്യമാക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.

പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രകടമായ മാറ്റം നമുക്ക് കാണാൻ സാധിക്കും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ കമ്പനിയെ ലാഭകരമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനം ആരംഭിച്ചതിനുശേഷം ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് മൂന്നും നാലും ഘട്ടങ്ങൾക്കുള്ള തുക സമാഹരിക്കുക. 27 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായി 650 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള പാക്കേജിങ്ങ് ബോർഡുകളാണ് ഈ ഘട്ടത്തിൽ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. നാലാം ഘട്ടം 17 മാസം കൊണ്ട് പൂർത്തിയാക്കി പാക്കേജിങ്ങ് ഗ്രേഡ് പേപ്പർ ഉൽപാദനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. 350 കോടിയാണ് ഈ ഘട്ടത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നര വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി  തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. 

കേവലം പൊതുമേഖല സംരക്ഷണം എന്നതിനപ്പുറത്തേക്കാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതു മേഖല  സ്ഥാപനമായിരിക്കും  കെ പി പി എൽ. തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും ഉൽപ്പാദനക്ഷമതയും കൂടി പരിഗണിച്ചായിരിക്കും സേവന വേതന വ്യവസ്ഥകൾ നിർണ്ണയിക്കുക. ഉൽപാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെൻ്റിന് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും.  സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപ്പെടുക.

അടിമുടി പ്രൊഫഷണലായ മാനേജ്മെൻ്റായിരിക്കും ബോർഡ് മുതൽ താഴോട്ട് ഉണ്ടാവുക. ഓരോ ഘട്ടത്തിലും സ്ഥാപനത്തിന് ആവശ്യമായ രീതിയിൽ മാറ്റം വരുത്താൻ കഴിയുന്ന അയവേറിയ ഘടനയായിരിക്കും സ്വീകരിക്കുക. ഉൽപാദനത്തിൽ തടസ്സങ്ങളില്ലാതെ മത്സരക്ഷമവും ലാഭകരമായ പൊതുമേഖലയായി  മാറ്റി പൊതുമേഖലയിലെ ബദലായി കെ പി പി എല്ലിനെ ഉയർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊതു മേഖല സംരക്ഷിക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും.