കോട്ടയം -ചേർത്തല റോഡിലെ കുമരകം കോണത്താറ്റ് പാലം പൊളിച്ചുതുടങ്ങി. ഇന്നു രാവിലെ മുതൽ ആണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. ഇടുങ്ങിയ പാലം പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് അപ്രോച്ച് റോഡ് നിർമ്മിച്ചാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
സഹകരണ -സാംസ്കാരിക വകുപ്പു മന്ത്രി വി.എൻ.വാസവൻ പാലം സന്ദർശിച്ച് ഗതാഗതക്രമീകരണമടക്കം വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, പഞ്ചായത്തംഗം ദിവ്യ ദാമോദരൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കാരിക്കാത്തറ കോണത്താറ്റ് പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ പാലം പൊളിക്കുന്നതിനാൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു.
ചേർത്തല- ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ ചാലുകുന്ന് നിന്ന് തിരിഞ്ഞു പനമ്പാലം- പ്രാവട്ടം-കല്ലറ- വെച്ചൂർ റോഡ് വഴി പോകണം. കോട്ടയം ടൗണിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തേക്കും പോകേണ്ട ഭാരവാഹനങ്ങൾ തലയാഴം- കല്ലറ- പ്രാവട്ടം- പനമ്പാലം വഴി തിരിഞ്ഞു പോകണം.