ആറു വർഷത്തെ പ്രണയം! കടുത്തുരുത്തി സ്വദേശി മാത്യുവിന്റെ വധുവായി മൊറോക്കോ സുന്ദരി, കൗതർ ഇമാമി ഇനി കോട്ടയത്തിന്റെ മരുമകൾ.


കടുത്തുരുത്തി: പ്രണയം പകയായി മാറുകയും പ്രണയത്തിന്റെ പേരിൽ ജീവനെടുക്കുകയും ചെയുന്ന ഞെട്ടിക്കുന്ന വാർത്തകൾക്കിടയിൽ പ്രണയ സാഫല്യത്തിന്റെ സന്തോഷത്തിലാണ് ഇവർ.

 ആറു വർഷത്തെ പ്രണയം സഫലമായതോടെ കോട്ടയം കടുത്തുരുത്തി സ്വദേശി മാത്യുവിന്റെ വധുവായിരിക്കുകയാണ് മൊറോക്കോ സുന്ദരി കൗതർ ഇമാമി. കോട്ടയം കടുത്തുരുത്തി പെരുവ സ്വദേശിയായ തെക്കേക്കാലായിൽ മാത്യൂസ് സൗദിയിൽ എയർ ലൈൻസ് ജീവനക്കാരനാണ്. സൗദിയിലെ ജോലിക്കിടെയാണ് മൊറോക്കോ വനിതയായ കൗതർ ഇമാമിയുമായി മാത്യൂസ് പ്രണയത്തിലാകുന്നത്‌. 

നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരുടെയും വിവാഹം നടന്നു. സ്വകാര്യ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനായ രാജു തെക്കേക്കാലായുടെയും ട്രാവൽ ഏജൻസി നടത്തുന്ന ആലീസ് രാജുവിന്റെയും മകനാണ് മാത്യൂസ്. സഹോദരൻ മോസസ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. 

മൊറോക്കോ കാസ ബ്ലാക്കയിൽ ബിസിനസാണ് കൗതർ ഇമാമിയുടെ പിതാവ് അഹമ്മദ് ഇമാമിക്ക്. പരേതയായ സുബൈദയാണ് മാതാവ്. ഇരുവരുടെയും വിവാഹവിരുന്നു പൊതി സേവാഗ്രാമിൽ നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖരാണ് ഇരുവരുടെയും വിവാഹത്തിന് ആശംസകളറിയിച്ചു പങ്കെടുത്തത്.