കോട്ടയം: കഥകളി എന്ന കലാരൂപത്തെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ പാഠഭാഗം വിദ്യാർഥികൾക്ക് മുൻപിൽ കഥകളി വേഷത്തിൽ പഠിപ്പിക്കുവാനെത്തി മലയാളം അദ്ധ്യാപിക.
എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ ഹൈസ്‌കൂൾ മലയാളം അദ്ധ്യാപികയും കോട്ടയം കിടങ്ങൂർ സ്വദേശിനിയുമായ പ്രീതാ ബാലകൃഷ്ണൻ ആണ് പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് മുൻപിൽ അനുഭവിപ്പിച്ചു പഠിപ്പിച്ചത്. തങ്ങളുടെ അധ്യാപിക കഥകളി വേഷത്തിലെത്തിയതോടെ ഇമവെട്ടാതെ മുഴുവൻ സമയവും ശ്രദ്ധയോടെയിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ.
പത്താം ക്‌ളാസ്സിലെ 'പ്രലോഭനം ' എന്ന പാഠഭാഗം പഠിപ്പിക്കാനായിരുന്നു 'നളചരിതം രണ്ടാം ദിവസം ' കഥയിലെ കലിയുടെ വേഷമിട്ട് ടീച്ചർ എത്തിയത്. കഥകളി എന്ന കലാരൂപത്തെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു തന്റെ ഈ വലിയ ഉദ്യമത്തിന് പിന്നിലെന്ന് ടീച്ചർ പറയുന്നു. കളിയും നളന്റെ സഹോദരൻ പുഷ്കരനും തമ്മിലുള്ള കോപത്തിന്റെയും മത്സരങ്ങളുടെയും സംഭാഷണങ്ങളായിരുന്നു പാഠഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതാണ് ടീച്ചർ തന്റെ വിദ്യാർത്ഥികൾക്ക് മുൻപിൽ അഭിനയിച്ചു പഠിപ്പിച്ചത്.
കഥകളി കാണാത്ത പുതുതലമുറയിലെ കുട്ടികൾക്ക് പാഠഭാഗത്തിനുമപ്പുറം പുതിയൊരു അനുഭവമാണ് ടീച്ചർ സമ്മാനിച്ചത്. ഓരോ വിദ്യാർത്ഥിയും ഇമവെട്ടാതെയാണ് ടീച്ചറിന്റെ കഥകളിയിൽ ലയിച്ചിരുന്നത്. കഥകളി എന്നത് പുസ്തകത്തിൽ നിന്നുമുള്ള കേട്ടറിവ് മാത്രമാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. പാഠഭാഗങ്ങൾ അപ്പാടെ മനഃപാഠമാക്കി പരീക്ഷയിൽ എഴുതുന്നതിലല്ല, മറിച്ച് പഠിക്കുന്ന കാര്യങ്ങൾ ഒരു ചിത്രമെന്നപോലെ മനസ്സിൽ പതിയേണ്ടതാണ്, പ്രത്യേകിച്ച് നമ്മുടെ കലാരൂപങ്ങൾ.
4 മണിക്കൂറോളം സമയമെടുത്താണ് ടീച്ചർ കലിയായി വേഷമിട്ടത്. പുഷ്കരനായി എത്തിയത് പാർവതി മേനോനാണ്. ഒരു വര്ഷം മുൻപ് ടീച്ചർ ക്ലാസിൽ കഥകളി അവതരിപ്പിച്ചിരുന്നു. എറണാകുളം രവിപുരത്ത് താമസിക്കുന്ന പ്രീത ഏഴാം വയസ്സിൽ കഥകളി പഠിച്ചു തുടങ്ങിയാണ്. കോട്ടയ്ക്കൽ അപ്പു നമ്പൂതിരിയുടെ ശിഷ്യയാണ് പ്രീത. ചെറുപ്പ കാലത്ത് മത്സരങ്ങളിൽ സബ് ജില്ല തലത്തിലും ജില്ല തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
സംസ്ഥാന തലത്തിൽ എല്ലാവർഷവും പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ കഥകളിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പ്രീതാ ബാലകൃഷ്ണൻ ഇന്ന് മലയാളം അധ്യാപികയായപ്പോഴും ഇന്നും അതേ സ്ഥാനത്ത് ആഗ്രഗണ്യയായി തുടരുകയാണ്. നിരവധി തിരുവാതിര പാട്ടുകൾ എഴുതുകയും തിരുവാതിര കളിയെക്കുറിച്ച് പുസ്തകവും പ്രീതാ ബാലകൃഷ്ണൻ രചിച്ചിട്ടുണ്ട്.
സഹോദരി ഏറ്റുമാനൂർ സാൻ ജോസ് സ്കൂളിലെ അധ്യാപികയായ ജ്യോതി ബാലകൃഷ്ണനും പ്രീതാ ബാലകൃഷ്ണനും കേരളത്തിലെ അറിയപ്പെടുന്ന തിരുവാതിര കളി അധ്യാപികമാരാണ്. പിതാവ് ബാലകൃഷ്‌ണ നായർ. ഭർത്താവ് ജയപ്രകാശ് നാരായണൻ, മക്കൾ:കല്യാണി,കേശവൻ.
ചിത്രം:രമേശ് കിടങ്ങൂർ.
