മെഡിക്കൽ കോളജ് ആശുപത്രിയിൽ റുമറ്റോളജി വിഭാഗം ആരംഭിക്കും - മോഡുലാർ ഓപ്പറേഷൻ തീയേറ്ററിന് 1.8 കോടി രൂപയുടെ പദ്ധതി.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ റുമാറ്റിക് രോഗങ്ങളുമായും രോഗപ്രതിരോധ വ്യവസ്ഥയുമായും മറ്റും ബന്ധപ്പെട്ട ചികിത്സയ്ക്കായി റുമറ്റോളജി വിഭാഗം ആരംഭിക്കും. സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

നിലവിൽ ഒ.പി മാത്രമാണ് പ്രവർത്തിക്കുന്നത്. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് റുമറ്റോളജിയിൽ പുതിയ വിഭാഗം ആരംഭിക്കുന്നത്. ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച സബ്കമ്മിറ്റി നൽകിയ ശിപാർശയും മെഡിസെപ് മാതൃകയിൽ ആശുപത്രി വികസന സമിതി ജീവനക്കാർക്കും കാസ്പ് ജീവനക്കാർക്കും  ആശ്രിതർക്കുമായി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതിനും യോഗം അംഗീകാരം നൽകി. മെഡിക്കൽ കോളജിലെ 2019-20 ബാച്ചിലെ വിദ്യാർഥികൾക്ക് ഓണറേറിയത്തോടുകൂടി ഒരു വർഷത്തെ പരിശീലനം അനുവദിക്കും. ജീവനക്കാർക്ക് ബെനഫലന്റ് ഫണ്ട് തുടങ്ങും. നേത്രരോഗ വിഭാഗം ഓപ്പറേഷന് തീയേറ്റർ ആധുനികവൽക്കരിച്ച് മോഡുലാർ ഓപ്പറേഷൻ തീയേറ്ററാക്കുന്ന പദ്ധതിക്കു സർക്കാർ അംഗീകാരം ലഭിച്ചു. 1.8 കോടി രൂപയുടെ പദ്ധതിയാണിത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ടോമിച്ചൻ, നഗരസഭാംഗവും മന്ത്രിയുടെ പ്രതിനിധിയുമായ ഇ.എസ്. ബിജു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.സി. ജനറൽ ജി. അനീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു, ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.