ആശ്വാസമാകാൻ 'മെഡിസെപ്' വരുന്നു, സംസ്ഥാനത്ത് ആദ്യമായി സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ എന്നിവർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി.


തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആശ്വാസമാകാൻ 'മെഡിസെപ്' ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർഥ്യമാകുന്നു. 30 ലക്ഷത്തിധികം പേർക്ക് പദ്ധതി ഉപകാരപ്രദമാകും.

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ്  സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. പ്രതിമാസം 500 രൂപയാണ് ജീവനക്കാരും പെൻഷൻകാരും പ്രീമിയമായി അടയ്‌ക്കേണ്ടത്. ഓരോ കുടുംബത്തിനും മൂന്നു വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. എംപാനൽ ചെയ്യപ്പെട്ട  ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാർജ്ജുകൾ, രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടും. പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാർഡ്  www.medisep.kerala.gov.in ലെ മെഡിസെപ് ഐ.ഡി യൂസർ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്വേഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ്  മെഡിസെപ് നടപ്പാക്കുന്നത്.