ഹരിതകർമസേന വാർഷികം ആഘോഷമാക്കി അയ്മനം.


കോട്ടയം: ഹരിതകർമസേന വാർഷികം ആഘോഷമാക്കി അയ്മനം ഗ്രാമപഞ്ചായത്ത്. 'ഹരിതോത്സവം 2022' എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്ത-നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനവും കളക്ടർ നിർവഹിച്ചു.


മാലിന്യസംസ്‌കരണത്തിൽ മറ്റ് ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് അയ്മനം ഏറെ മുന്നിലാണെന്നും ഹരിതകേരളം മിഷനും ശുചിത്വ മിഷനും പഞ്ചായത്തും കൈകോർത്താൽ പഞ്ചായത്തിലെ 20 വാർഡുകളും നൂറു ശതമാനം മാലിന്യ മുക്തമാക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. അയ്മനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷത വഹിച്ചു. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സംസ്ഥാനതലത്തിൽ നടത്തിയ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അയ്മനം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കളക്ടർ ഉപഹാരം നൽകി ആദരിച്ചു. ഹരിതകർമസേന സെക്രട്ടറി ലത പ്രീത് റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. പഞ്ചായത്തിലെ 20 വാർഡുകളിലായി 23 ഹരിതകർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. മാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിന് 40 മിനി എംസിഎഫുകളുമുണ്ട്. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിജി രാജേഷ്, കെ. ആർ. ജഗദീഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രതീഷ്, ഗ്രാമപഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു, ഹരിതകർമസേന പ്രസിഡന്റ് ത്രേസ്യാമ്മ ചാക്കോ എന്നിവർ പങ്കെടുത്തു.