കശ്മീർ കാണണമെന്ന ആഗ്രഹം, നാഷണൽ പെർമിറ്റ് ലോറിയിൽ ലോഡുമായി ശ്രീനഗർ വരെ, ഇന്ത്യയുടെ കാണാകാഴ്ചകൾ തേടി വ്യത്യസ്തമായ ഒരു ലോറി യാത്രയുമായി കോട്ടയത്തിന്റെ സൂ


ഏറ്റുമാനൂർ: കശ്മീർ കാണണമെന്ന ആഗ്രഹം ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശിനി പുത്തേട്ട് ജലജയെ എത്തിച്ചത് സാഹസിക യാത്രയുടെ ആവേശത്തിൽ. ഇന്ത്യയുടെ കാണാകാഴ്ചകൾ തേടി വ്യത്യസ്തമായ ഒരു ലോറി യാത്രയുമായി കോട്ടയത്തിന്റെ സൂപ്പർ വുമൺ താരമായി മാറിയിരിക്കുകയാണ് പുത്തേട്ട് പി.എസ്.രതീഷിന്റെ ഭാര്യ ജലജ രതീഷ്.

നാഷണൽ പെർമിറ്റ് ലോറിയിൽ ലോഡുമായി 23 ദിവസം നീണ്ട യാത്രയാണ് ജലജയും ഭർത്താവ് രതീഷും നടത്തിയത്. ലോറി ട്രാൻസ്പോർട്ട് ഉടമയെ രതീഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. ഇരുവരും ഒരുമിച്ചാണ് ശ്രീനഗർ വരെ ലോഡുമായി പോയത്. ദീർഘദൂര യാത്രകളും ദീർഘദൂര ഡ്രൈവിങ്ങും ജലജക്ക് ഹരമാണ്. യാത്രയിൽ ക്ഷീണം തോന്നുമ്പോൾ മാത്രമാണ് ലോറിയുടെ സ്റ്റിയറിങ് ഭർത്താവിനു കൈമാറുന്നത്. ഈ ട്രിപ്പിന് മുൻപ് മുംബയിലേക്കും ഇരുവരും ഒരുമിച്ചു ലോഡുമായി പോയിട്ടുണ്ട്.

പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് ലോഡും തുടർന്ന് പുണെയിൽ നിന്നു ശ്രീനഗറിലേക്ക് സവാളയുമായാണ് ലോറിയിൽ ലോഡുമായി പോയത്. ശ്രീനഗറിൽ വിവിധയിടങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാണ്. ഭീകരരുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന മേഖലയായിരുന്നിട്ടും ഇരുവരെയും പേടി അലട്ടിയിരുന്നില്ല. ശ്രീനഗറിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ജവാനെ കണ്ടു മുട്ടുന്നതും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതും.

ശ്രീനഗറിൽ ലോഡ് ഇറക്കാനെടുത്ത 2 ദിവസത്തെ താമസത്തിനിടെ ഇരുവരും കശ്മീർ ചുറ്റിക്കണ്ടു. ലോഡിറക്കിയ ശേഷം ശ്രീനഗറിൽ നിന്നും ലോഡ് കിട്ടിയില്ലെങ്കിലും തുടർന്ന് പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകവും കണ്ടു. പിന്നീട് ആഗ്രയിലെത്തി താജ്മഹലും കണ്ടു. ഹരിയാനയിൽ നിന്നു ബെംഗളൂരുവിലേക്കും അവിടെ നിന്നും  മൈസൂറിലെത്തി ലോഡുമായി കേരളത്തിലെത്തുകയായിരുന്നു ഇരുവരും. ഇന്ത്യയുടെ കാണാക്കാഴ്ചകൾ സമ്മാനിച്ച വിസ്മയ നിമിഷങ്ങളുടെ ഓർമ്മയിലാണ് ജലജ. ദേവികയും (പ്ലസ് ടു), ഗോപികയും (പ്ലസ് വൺ) ആണ് ഇവരുടെ മക്കൾ.