ബാഡ്‌മിന്റൺ കളിക്കുന്നതിനിടയിൽ ഹൃദയാഘാതം: ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ മരിച്ചു.


ചങ്ങനാശ്ശേരി: ബാഡ്‌മിന്റൺ കളിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ കുഴഞ്ഞു വീണു മരിച്ചു.

കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും, കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ മേഴ്സിക്കുട്ടി ജോണിന്റെയും മകൻ ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ.വിപിൻ ചെറിയാൻ (41) ആണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇന്നലെ ഉച്ച കഴിഞ്ഞു എസ് ബി കോളേജിൽ പൊതുദർശനത്തിനു വെച്ചിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും വിദ്യാര്ഥികളുമടക്കം വലിയ ജനാവലിയാണ് വിപ്പിനെ അവസാനമായി ഒരു നോക്ക് കാണാനായി എസ് ബി കോളേജിൽ എത്തിയത്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

ചമ്പക്കര പാലാക്കുന്നേൽ കുടുംബാംഗം പായിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപിക ബിന്ദ്യ തോമസ്  ആണ് ഭാര്യ. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ വിദ്യാർത്ഥികളായ ഹാരി വി. ചെറിയാൻ, ഹെയ്സൽ വി. മരിയ എന്നിവരാണ് മക്കൾ.