ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ് ബി കോളേജ് അങ്കണം വികാരഭരിതമായ നിമിഷങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ജീവവായുവിനെപ്പോലെ കലാലയത്തെ സ്നേഹിച്ച ഒപ്പം വിദ്യാർത്ഥികളെ നെഞ്ചിലേറ്റിയ വിദ്യാർത്ഥികൾക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്ന തങ്ങളുടെ പ്രിയ അദ്ധ്യാപകന് നിറകണ്ണുകളോടെ യാത്രാമൊഴിയേകാൻ ഒരുമിച്ചു കൂടി.
ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും, കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ മേഴ്സിക്കുട്ടി ജോണിന്റെയും മകൻ ഡോ.വിപിൻ ചെറിയാൻ (41) ആണ് ബാഡ്‌മിന്റൺ കളിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണു മരിച്ചത്. പഠന കാലം മുതൽ കലാലയവുമായുള്ള ആത്മബന്ധം പിന്നീട് എസ് ബി കോളേജിൽ തന്നെ വിപിനെ അധ്യാപകനായി എത്തിച്ചു.
പ്രീ ഡിഗ്രിയും ബിരുദവും ബിരുദാനന്തര പഠനവും വിപിൻ പൂർത്തിയാക്കിയത് എസ് ബി കോളേജിൽ നിന്നുമാണ്. 2010 മുതൽ എസ് ബി കോളേജിൽ അധ്യാപകനായിരുന്നു ഡോ. വിപിൻ. സൗമ്യനും ശാന്തശീലനുമായ അദ്ധ്യാപകൻ, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ക്ലാസ്സിലും വിദ്യാർത്ഥികൾക്ക് അറിവുകളുടെ ലോകം തുറന്നു നൽകിയ അദ്ധ്യാപകൻ, പഠനത്തിനുമപ്പുറം വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകിയ അദ്ധ്യാപകൻ ഇങ്ങനെ നീണ്ടു പോകുന്നു പ്രിയ അധ്യാപകനെ കുറിച്ചുള്ള ശിഷ്യരുടെ ഓർമ്മകൾ.
ഇന്നലെ ഉച്ചക്ക് ശേഷം മൃതദേഹം പൊതുദര്ശനത്തിനായി എസ് ബി കോളേജ് അങ്കണത്തിൽ എത്തിച്ചപ്പോൾ സങ്കടമാടക്കാനാകാതെ വിതുമ്പുകയായിരുന്നു വിദ്യാർത്ഥികൾക്കൊപ്പം സഹപ്രവർത്തകരും സുഹൃത്തുക്കളും. അപ്രതീക്ഷിതമായുണ്ടായ വേർപാട് നൽകിയ ആഘാതത്തിൽ നിന്നും ഇതുവരെയും ഇവരാരും മോചിതരായിട്ടില്ല. കലാലയ പഠനകാലത്തെ സഹപാഠിയായ ബിന്ദ്യയാണ് വിപിന്റെ ഭാര്യ. പായിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ബിന്ദ്യ തോമസ്. ഇരട്ടക്കുട്ടികളായ ഹാരി വി. ചെറിയാൻ, ഹെയ്സൽ വി. മരിയ എന്നിവർ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ വിദ്യാർത്ഥികളാണ്.