തലയോലപ്പറമ്പിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.


തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. വൈക്കം മുരിയൻകുളങ്ങര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വൈക്കം വടക്കേനട സ്വദേശി തുണ്ടുതറയിൽ രാമചന്ദ്രൻ്റെ മകൻ കെ.ആർ.ബിജു(51) ആണ് അപകടത്തിൽ മരിച്ചത്.

തലയോലപ്പറമ്പ്-തലപ്പാറ റോഡിൽ ഇല്ലിത്തൊണ്ട് ബസ്റ്റോപ്പിന് സമീപം ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും മുണ്ടക്കയത്തേക്കു പോകുകയായിരുന്ന ബസ്സും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബിജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.