കോട്ടയം: അന്താരാഷ്ത്ര വനിതാദിനത്തിൽ നിരവധി സവിശേഷതകളുടെയും അപൂർവ്വതകളുടെയും സംഗമ ഭൂമിയായി മാറുകയാണ് നമ്മുടെ കോട്ടയം. പെൺ കരുത്തിന്റെ കരങ്ങളിലാണ് ഇന്ന് നമ്മുടെ ജില്ല. കോട്ടയം ജില്ലയുടെ പ്രധാന ഭരണ സിരാകേന്ദ്രങ്ങൾ വനിതകളുടെ കൈകളിൽ ഭദ്രം. അക്ഷര നഗരിക്കും നമ്മുടെ ജില്ലയ്ക്കും അഭിമാനമായി കോട്ടയത്തെ മുന്നിൽ നിന്ന് നയിക്കുന്നത് മൂന്നു വനിതകളാണ്. ഇവർക്കൊപ്പം ജില്ലയിലെ മറ്റു സുപ്രധാന സ്ഥാനങ്ങളിലും വനിതാ സാരഥ്യമാണുള്ളത്.
ജില്ലാ കലക്ടറായി ഡോ.പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി, ജില്ലാ പോലീസ് മേധാവിയായി ശില്പ ദ്യാവയ്യ എന്നിവർ നമ്മുടെ ജില്ലയെ മുന്നിൽ നിന്ന് നയിക്കുമ്പോൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജാ ജി.എസ്. റാണി, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ തുടങ്ങി നിരവധിപ്പേർ ഇവർക്കൊപ്പമുണ്ട്.
വായിച്ചറിയാം സവിശേഷതകളുടെയും അപൂർവ്വതകളുടെയും 'പെൺകോട്ട'യത്തിന്റെ വിശേഷങ്ങൾ!
ഡോ.പി.കെ ജയശ്രീ-കോട്ടയം ജില്ലാ കളക്ടർ.
2021 ജൂലൈ മുതൽ കോട്ടയം ജില്ലയുടെ കലക്ടറാണ് ഡോ.പി.കെ ജയശ്രീ. നിലപാടുകളിൽ വ്യതിചലിക്കാതെ ജില്ലയെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വമാണ് ഡോ.പി.കെ ജയശ്രീയുടേത്. കോട്ടയം സ്വദേശിനിയായ ജില്ലയുടെ കളക്ടർ എന്ന പ്രത്യേകതയും ജയശ്രീയ്ക്ക് അവകാശപ്പെടാവുന്നതാണ്. കോട്ടയം വൈക്കം സ്വദേശിനിയാണ് ഡോ.പി.കെ ജയശ്രീ. കോട്ടയത്തിന്റെ 47-ാമത് കളക്ടറാണ് ജയശ്രീ. വൈക്കം ഉദയനാപുരത്ത് പുഴക്കര വീട്ടിൽ പി.എൻ. കൃഷ്ണൻകുട്ടി നായരുടെയും പി.എം.രാധാമണിയുടെയും മകളാണ് ജയശ്രീ.
പിതാവിന്റെ ജോലി സ്ഥലം തൃശ്ശൂരിൽ ആയതിനാൽ പഠിച്ചതും വളർന്നതുമെല്ലാം തൃശ്ശൂരിൽ ആയിരുന്നു. കോട്ടയത്ത് ഡെപ്യൂട്ടി കളക്ടറായും ചങ്ങനാശേരി താലൂക്ക് ഓഫീസറായും തഹസിൽദാരായും സേവനമനുഷ്ഠിച്ചിട്ടുള ജയശ്രീക്ക് കോട്ടയത്തിന്റെ മേഖലകൾ കൂടുതൽ പരിചിതമാണ്. കാസര്‍കോട് റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായും തൃശൂരില്‍ ഡെപ്യൂട്ടി കളക്ടറായും ഡോ. ജയശ്രീ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടി ഡോ. ജയശ്രീ. മികച്ച ഡെപ്യൂട്ടി കളക്ടറെന്ന ബഹുമതി കാസര്‍കോട്ടെയും തൃശൂരിലെയും സേവനത്തിനു ജയശ്രീയെ തേടി എത്തിയിട്ടുണ്ട്. സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.ഡോ. ജയശ്രീ 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ശില്പ ദ്യാവയ്യ-കോട്ടയം ജില്ലാ പോലീസ് മേധാവി.
2021 ഫെബ്രുവരി മുതൽ കോട്ടയം ജില്ലയുടെ ജില്ലാ പോലീസ് മേധാവിയാണ് ഡി.ശില്പ. കോട്ടയം ജില്ലയുടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി എന്ന ബഹുമതിയോടെയാണ് ശില്പ ദ്യാവയ്യ ചുമതലയേറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ജി ജയദേവിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി.ശില്പ കോട്ടയത്ത് ചുമതലയേറ്റത്. 2016-ലെ ഐ.പി.എസ് ബാച്ചുകാരിയാണ്. കാസർഗോഡ് ആദ്യനിയമനം ലഭിച്ച ഡി.ശില്പ ബെംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ട് സ്വദേശിനിയാണ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ രണ്ടാം ശ്രമത്തിൽ വിജയിച്ച ഡി.ശില്പ ഹൈദരാബാദിലും തൃശൂരിലെയും പരിശീലനത്തിന് ശേഷം കാസർഗോഡാണ് ആദ്യമായി നിയമനം ലഭിച്ചത്.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ബിസിനസ് അനലിസ്റ്റായിരുന്ന ശിൽപ്പ വിവാഹ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പിതാവ് ദ്യാവയ്യ കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്നു. അമ്മ ലളിത. ഭർത്താവ് ഐ ടി പ്രൊഫഷണലായ ആനന്ദ്. മകൾ ഐറ.
നിർമ്മലാ ജിമ്മി-കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
2020 ഡിസംബറിലാണ് നിർമ്മലാ ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ നിർമ്മല ജിമ്മി ഇത് രണ്ടാം തവണയാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. മുൻഅനുഭവ പരിജ്ഞാനത്തിൽ കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിർമ്മല ജിമ്മിക്ക് സാധിക്കുന്നുണ്ട്. ഇതിനോടകംതന്നെ ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി നിർമ്മലാ ജിമ്മിയുടെ ഇടപെടൽ പ്രശംസനീയമാണ്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ കുറവിലങ്ങാട് ഡിവിഷനിൽനിന്നും ആണ് നിർമ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടത്. 2005 ലാണ് പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗമായ നിർമ്മലാ ജിമ്മി ജില്ലാ പഞ്ചായത്തംഗം ആകുന്നത്. തുടർന്ന് 2010 ൽ തെരഞ്ഞെടുക്കപ്പെടുകയും 2012-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്തു.
ജിനു പുന്നൂസ്- കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്.
2021 ജൂൺ മുതൽ കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആണ് ജിനു പുന്നൂസ്. വാകത്താനം നടപ്പുറത്ത് പരേതനായ പുന്നൂസ് സ്കറിയ ആനിയമ്മ ദമ്പതികളുടെ മകളും തിരുവല്ല തുകലശ്ശേരി സ്വദേശി പി ജോൺ വർഗീസിന്റെ ഭാര്യയുമാണ് ജിനു പുന്നൂസ്. ചങ്ങനാശ്ശേരി തഹസിൽദാറായും ജിനു പുന്നൂസ് സേവനം ചെയ്തിട്ടുണ്ട്. ഭർത്താവ് പി ജോൺ വർഗീസ് തഹസിൽദാറാണ്.
ഡോ.എൻ പ്രിയ-കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ.
2021 നവംബറിലാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ.എൻ.പ്രിയ ചുമതലയേറ്റത്. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറായി സേവനം ചെയ്തു വരുന്നതിനിടെയാണ് കോട്ടയത്തേക്ക് നിയമിതയായത്. കോട്ടയം അതിരമ്പുഴ സ്വദേശിനീയാണ് ഡോ.എൻ പ്രിയ. 1999 ൽ എറണാകുളം കുമ്പഴങ്ങി പി എച് സി മെഡിക്കൽ ഓഫീസർ ആയി സർവീസിൽ പ്രവേശിച്ച ഡോ പ്രിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട്, കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡി എം ഓ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.