രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലായിൽ, സംസ്ഥാനത്തെ രണ്ടാമത്തെ സെന്റർ.


പാലാ: ആധുനിക രോഗനിർണയ സംവിധാനങ്ങളുമായി കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലായിൽ ആരംഭിക്കുന്നു.

 

ജോസ് കെ മാണി എംപി കേന്ദ്ര സർക്കാരുമായി നടത്തിയ നിരന്തര ഇടപെടലിനെത്തുടർന്നാണു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സെന്റർ പാലാ താലൂക്ക് ആശുപത്രിയോടു പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടാം ഘട്ടമായി വീണ്ടും രാജ്യസഭയിലെത്തിയതോടെയാണ് ജോസ് കെ മാണി കേന്ദ്ര സർക്കാരുമായി  നിരന്തര ഇടപെടൽ നടത്തി കേന്ദ്രം പാലായിൽ സ്ഥാപിക്കാൻ തീരുമാനമായത്.

 

സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തെ ആദ്യത്തെതും സംസ്ഥാനത്തെ രണ്ടാമത്തെയും സെന്‍ററാണിത്. തൈറോയ്ഡ് ഹോർമോണുകൾ, കാൻസർ മാർക്കേഴ്‌സ്, ഇമ്യൂണിറ്റി ടെസ്റ്റുകൾ തുടങ്ങി 450 ഓളം രോഗനിർണയ സൗകര്യങ്ങളാണു പാലായിൽ സജ്ജമാക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ തയാറായിരിക്കുന്നത്.

ആധുനിക രോഗനിർണയ ആവശ്യങ്ങൾക്കായി സമീപ ജില്ലകൾക്കും സെന്റർ ആശ്രയമാകും. സമീപ ഗ്രാമ പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികളിൽ കളക്ഷൻ യൂണിറ്റുകൾ സജ്ജമാക്കി സാംപിളുകൾ ശേഖരിച്ചു സെന്ററിലെ ജീവനക്കാർ നേരിട്ട് പാലായിലെ ലബോറട്ടറിയിൽ എത്തിച്ച് രോഗനിർണയം നടത്തും. സെന്ററിന്റെ ഉത്‌ഘാടനം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ജോസ് കെ മാണി എം പി നിർവ്വഹിക്കും.