മുണ്ടക്കയം: കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം കോരുത്തോട് സ്വദേശിയായ എബിൻ സെബാസ്റ്റ്യൻ എന്ന യുവാവ്  ആടിന് പുല്ല് ചെത്തുന്നതിനിടെ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. മുഴമൂക്കൻ കുഴിമണ്ഡലി എന്ന അണലി വിഭാഗത്തിൽപെടുന്ന അതീവ അപകടകാരിയായ വിഷപ്പാമ്പ് ആണ് യുവാവിനെ കടിച്ചത്.

കണ്ടാൽ തവിട്ട എന്ന പോലെ സാദൃശ്യമുള്ള ഈ പാമ്പ് അപകടകാരിയാണ് എന്ന് സ്വന്തം അനുഭവത്തിലൂടെ പങ്കുവെയ്ക്കുകയാണ് എബിൻ. ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും വളരെ വേഗമാണ് അവസ്ഥകൾ മാറി മറിഞ്ഞത്. കോട്ടയം ജില്ലയുടെ മലയോര മേഖലകളിലും വയനാടിന്റെ ചില മേഖലകളിലും ശ്രീലങ്കയിലും മാത്രമാണ് ഈ അപകടകാരിയായ പാമ്പുള്ളതെന്നാണ് എബിൻ വ്യക്തമാക്കുന്നത്. എന്നാൽ സങ്കടകരമായ ഒരു കാര്യം കൂടി എബിൻ പങ്കുവെച്ചു.

അത് മറ്റൊന്നുമല്ല ജില്ലയോട് മലയോര മേഖലകളിൽ ഒരാൾക്ക് പാമ്പ് കടിയേറ്റാൽ മേഖലകളിലെ ഒരു സർക്കാർ ആശുപത്രിയിൽ പോലും ആന്റിവെനം ലഭ്യമല്ല എന്നതാണ്. തനിക്ക് പാമ്പ് കടിയേറ്റപ്പോൾ ഈ മേഖലയിലെ ആശുപത്രികളിലെലാം ആന്റിവെനം അന്വേഷിച്ചെങ്കിലും ഇല്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലും കാരിത്താസിലും പാലാ മാർസ്ലീവാ മെഡിസിറ്റിയിലുമാണ് ആന്റിവെനം ലഭ്യമാകുക എന്ന വിവരം ലഭിച്ചു. വേഗത്തിൽ എത്താവുന്നത് മാർ സ്ലീവാ മെഡിസിറ്റിയിൽ ആയതിനാൽ അവിടേക്ക് പോകുകയായിരുന്നു. 

എബിൻ സെബാസ്റ്റ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

''17/02/2022 വ്യാഴാഴ്ചയിലെ ഈ നട്ടുച്ചക്ക്‌ പൊരിവെയിലത്ത്‌ ആടിനു പുല്ലു ചെത്താൻ പോകണോ വേണ്ടയോ എന്ന് പല വട്ടം തിരിച്ചു മറിച്ചും ആലോചിച്ചു, പോകാമെന്ന് തീരുമാനം.. കയറും അരുവായും എടുത്ത്‌  പറമ്പിലെത്തി തലേന്ന് ചെത്തി നിറുത്തിയതിന്റെ ബാക്കി പുല്ല് അരിഞ്ഞ്‌ അവസാനിപ്പിക്കുന്നതിന്‌ തൊട്ടു മുൻപൊരുപിടി ചെത്താൻ പുല്ല് കൂട്ടിപ്പിടിച്ചത്‌ വാവാ സുരേഷട്ടൻ പറയുന്നപോലെ ഒരു കുഞ്ഞ്‌ അതിഥിയെ..

ഇടത്തെ കയ്യുടെ ചൂണ്ടുവിരലിൽ ചോര പൊടിയുന്ന പാട്‌, കടി കഴിഞ്ഞും പേടിച്ചോ ദേഷ്യപ്പെട്ടോ അഗ്രസീവായി തന്നെ നിൽക്കുന്നു പുള്ളി.. എനിക്ക്‌ ഒരു അൽപം പോലും പേടിയോ അങ്കലാപ്പോ തോന്നിയില്ല. കുറച്ച്‌ അകലെയായി നിന്നിരുന്ന പപ്പയെ വിളിച്ചു വരുത്തി. അതിഥിയെ അടിമുടി നോക്കി നിരീക്ഷിച്ച്‌ പപ്പയുടെ പ്രാഥമിക നിഗമനം പല്ലുപോലും കിളിർക്കാത്ത ഒരു 'തവിട്ട' പാമ്പ്‌ ആണെന്ന് ആയിരുന്നു എങ്കിലും സ്നേക്‌ മാസ്റ്റർ ഒക്കെ കാണുന്ന ഞാൻ അണലിയുമായി അവനെ തുലനം ചെയ്ത്‌, മുറിവും കയ്യും അസഹനീയ വേദനയിലേയ്ക്കും നീരിലേയ്ക്കും നീങ്ങുന്നത്‌ കണ്ട്‌ എത്രയും വേഗം ആശുപത്രിയിൽ പോകാം എന്ന് തീരുമാനിച്ചു. പറമ്പിൽ നിന്ന് വേഗം വീട്ടിലെത്തി, മമ്മിയോട്‌ ഒന്നും പറയാതെ പെട്ടന്ന് തന്നെ പപ്പയും ഞാനും വണ്ടിയിൽ കയറി.

സാധാരണ സാഹചര്യങ്ങളിൽ പോലും സിഗ്‌-സാഗ്‌ മോഷനിൽ വണ്ടി ഓടിക്കുന്ന പപ്പ ഈ അടിയന്തിരഘട്ടത്തിൽ ഡ്രൈവിംഗ്‌ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള ആശങ്കയെനിക്ക് തോന്നുന്നതിനു മുൻപേ തന്നെ പുള്ളി സ്വയം സിൽസാപ്പിയെ വിളിച്ച്‌ റെഡിയാക്കിയിരുന്നു. സിൽസാപ്പിയുടെ സാരഥ്യത്തിൽ നമ്മുടെ 2005 മോഡൽ ആൾട്ടോ പറ്റാവുന്നപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.  വിഷഹാരിയുടെ അടുത്തേയ്ക്ക്‌ പോകാമെന്നുള്ള പ്ലാൻ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. കുന്നുംഭാഗം ജനറൽ ആശുപത്രി ആന്റിവെനം ഉള്ള ഏറ്റവും അടുത്ത ആശുപത്രിയെന്ന് ലിസ്റ്റുകളിലൊക്കെ കണ്ട ഓർമ്മ വച്ച്‌ അങ്ങോട്ട്‌ പോകാമെന്നും കടിയേറ്റ്‌ ഒരു മണിക്കൂറിനുള്ളിൽ തന്നെ ആന്റിവെനം ലഭ്യമാകുമെന്നുമുള്ള കണക്കുകൂട്ടൽ എനിക്കുണ്ടായിരുന്നതിനാൽ പേടിയുടെ ഒരു ലാഞ്ചന പോലും അപ്പോഴും എനിക്കുണ്ടായില്ല.

കയ്യിലെ നീര്‌ ക്രമാതീതമായി കൂടുന്നതും വേദന അസഹനീയമാകുന്നതും കടിയേറ്റ വിരൽ സ്പർശ്ശന ശേഷി കുറഞ്ഞ്‌ കട്ടികൂടി നീല നിറം കയറിത്തുടങ്ങിയതും കണ്ട്‌, മേരി ക്വീൻസ്‌ 26 ആശുപത്രിയിൽ ആന്റിവെനമുണ്ടെങ്കിൽ അവിടെ കയറാമല്ലോ എന്ന ചിന്തയിൽ അവിടെ വിളിച്ച്‌ അന്വേഷിച്ച്‌ ആന്റിവെനം ഇല്ല എന്ന് അറിഞ്ഞു. കുന്നുംഭാഗം ഗവൺമന്റ്‌ ആശുപത്രിയിൽ വിളിച്ചിട്ട്‌ കിട്ടുന്നുമില്ല, സിൽസാപ്പിയുടെ പരിചയത്തിലുള്ള പലരേയും യാത്രക്കിടയിൽ വിളിച്ച്‌ അന്വേഷിച്ച്‌, നമ്മുടെ വണ്ടി മുണ്ടക്കയം എത്തിയപ്പോൾ അറിഞ്ഞു കാരിത്താസ്‌ അല്ലെങ്കിൽ മെഡിക്കൽ കോളേജ്‌ അല്ലാതെ മറ്റൊരു ഓപ്ഷനെപ്പറ്റി ചിന്തിക്കേണ്ട എന്ന്. വേദന സഹിക്കാവുന്ന പരിധി വിട്ടു, കൈ കണ്ടാൽ ചെറിയ പേടി തോന്നുന്ന അവസ്ഥയായി..

ഇനി കോട്ടയം വരെ ചെല്ലണം ആന്റിവെനം കിട്ടാൻ.. അതും നാലു മൊട്ട ടയറിൽ ഓടുന്ന, ബ്രേക്ക്‌ ചവിട്ടിയാൽ നിൽക്കണോ വേണ്ടയോ എന്ന് മൂന്ന് മിനിറ്റ്‌ കൂടി ആലോചിച്ചിട്ട്‌ നിൽക്കുന്ന നമ്മടെ വണ്ടിക്ക്‌.. എനിക്ക്‌ ചെറിയ പന്തികേട്‌ തോന്നിത്തുടങ്ങി. രംഗപടം മാറി.. ധൈര്യം പതുക്കെ ചോർന്നു തുടങ്ങി, സന്ധികൾക്ക്‌ ചെറിയ വേദനയായിത്തുടങ്ങി.. കടിയേറ്റ കയ്യിലെ വിരലുകൾ ചലിപ്പിക്കാൻ പറ്റാതെയായി.. സിൽസാപ്പി എന്ന പ്രൊഫഷണൽ ഡ്രൈവർ ഉണർന്നു, ഈ വണ്ടി ഒഴിവാക്കി ആംബുലൻസ്‌ വേണം എന്ന തീരുമാനം എടുത്തു, എന്നാലും സമയം കളയാതിരിക്കാൻ വണ്ടി മുന്നോട്ട്‌ പൊയ്ക്കൊണ്ടിരുന്നു,പോകുന്ന വഴിക്കെവിടെയെങ്കിലും ആംബുലൻസ്‌ കിട്ടാവുന്നപോലെ ഒരുക്കിനിർത്താൻ ശ്രമം തുടങ്ങി.

പാറത്തോട്ടിൽ ആംബുലൻസ്‌ റെഡിയായി നിന്നു.. പാറത്തോട്ടിൽ നിന്ന് ആംബുലൻസിൽ സൈറൺ ഇട്ട്‌ ചീറിപ്പാഞ്ഞു. പാമ്പിന്റെ കടികൊണ്ടാണോ എന്റെ പേടികൊണ്ട്‌ ആണോ, ആരോഗ്യസ്ഥിതി കുറച്ച്‌ വഷളായിത്തുടങ്ങി.. മരണപ്പെടും എന്ന തോന്നൽ ഉള്ളിൽ കലശലായി... 'ഈശോ മറിയം യൗസേപ്പേ ആത്മാവിന്‌ കൂട്ടായിരിക്കണേ'.. എന്ന് വളരെ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. 'നരകത്തിൽ തള്ളാതെ തെറ്റുകളൊക്കെ മാപ്പാക്കി സ്വർഗ്ഗത്തിലേക്ക്‌ കൊണ്ടു പോയേക്കണേ'.. എന്ന് ഈശോയോടും പറഞ്ഞേൽപിച്ച്‌ ആംബുലൻസിന്റെ സീറ്റിലേയ്ക്ക്‌ ചാരിക്കിടന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ മമ്മിയ്ക്ക്‌ ഒരുമ്മ കൊടുത്തിട്ട്‌ ഇറങ്ങേണ്ടതായിരുന്നു എന്ന് ഓർത്തപ്പോഴും, ഏറ്റവും പ്രിയപ്പെട്ടവൾ ഒറ്റയ്ക്കായിപ്പോകുമല്ലോ എന്നോർത്തപ്പോഴും ചങ്കു പൊട്ടുന്ന വിഷമത്തിൽ കണ്ണുനീരൊഴുകി.

ആംബുലൻസിലിരുന്നു ബി.പി കൂടി ഛർദ്ദിക്കുന്ന പപ്പയെ കണ്ടു.. കണ്ണുകൾ തുറന്നിരുന്നെങ്കിലും പിന്നെയൊന്നും കണ്ടില്ല.. ചെവികൾ തുറന്നിരുന്നെങ്കിലും 'അഞ്ച്‌ മിനുട്ടിനുള്ളിൽ എത്തും പേടിക്കണ്ടടാ'എന്ന് ഇടയ്ക്കിടെ പറയുന്ന സിൽസന്റെ സ്വരമല്ലാതെ മറ്റൊന്നും കേട്ടില്ല.. എനിക്ക്‌ പേടിയായിത്തുടങ്ങി എന്ന് മനസിലാക്കി ആരോഗ്യസ്ഥിതി കൂടുതൽ മോശമായെങ്കിലോ എന്നോർത്ത്‌ സിൽസൺ മാർസ്ലീവാ മെഡിസിറ്റിയിൽ വിളിച്ച്‌ ആന്റിവെനം ഉണ്ടോ എന്ന് അന്വേഷിച്ച്‌ വണ്ടി അങ്ങോട്ട്‌ വിട്ടു. ആശുപത്രിയിൽ എത്തി ഇറങ്ങിയതും എമർജ്ജൻസിയിൽ കയറിയതും എല്ലാം ഞാൻ സ്വയം നടന്ന് തന്നെ. കടിയേറ്റ്‌ 2 മണിക്കൂറിൽ താഴെ സമയംകൊണ്ട്‌ ആശുപത്രിയെത്തി.

കടിച്ച പാമ്പിന്റെ ചിത്രവും കടിയേറ്റ ഭാഗത്തെ അവസ്ഥയും വിലയിരുത്തി, ആശുപത്രിയിലെത്തി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആന്റിവെനം നൽകിത്തുടങ്ങി. 10 വയൽ ആന്റിവെനം പ്രാഥമികമായ് നൽകി രക്തപരിശോധനൾക്ക്‌ ശേഷം നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ ഐസിയു വിലേയ്ക്ക്‌ മാറ്റി. അവിടെ വച്ച്‌ വീണ്ടും 10 വയൽ ആന്റിവെനം നൽകി. പിന്നെ തുടരെത്തുടരെ രക്തപരിശോധനകൾ നിർത്താതെ തുടർച്ചയായി iv-fluid, അസംഖ്യം ആന്റിബയോട്ടിക്‌ ഇൻജക്ഷൻസ്‌, ഗുളികകൾ..സ്നേയ്ക്ക്‌ എക്സ്പേട്സ്‌, ഡോക്ടേഴ്സ്‌ എല്ലാവരുടെയും സംയോജിതമായ വിശദ പരിശോധനകൾക്ക്‌ ശേഷം എന്നെ കടിച്ച ആ അതിഥിയെ തിരിച്ചറിഞ്ഞു.. ഹമ്പ്നോസ്ഡ്‌ പിറ്റ്‌ വൈപർ (hump-nosed pit viper) അഥവാ മുഴമൂക്കൻ കുഴി മണ്ഡലി എന്ന അണലി വിഭാഗത്തിപ്പെടുന്ന ആൾ. 

അപകടകാരിയും ഉഗ്രവിഷമുള്ള പാമ്പുകളുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടതുമായ ഇദ്ദേഹത്തെ 'തവിട്ട' എന്ന് തെറ്റിദ്ധരിച്ച്‌, അവഗണിച്ച്‌ അപകടം വരുത്തുന്നവരുണ്ടത്രേ.. 

കോട്ടയം ജില്ലയുടെ മലയോരപ്രദേശങ്ങളിലും വയനാടിന്റെ ചില മേഖലകളിലും ശ്രീലങ്കയിലുമാണ്‌ ഈ ഇനം കൂടുതലായി കണ്ടുവരുന്നത്‌. ഹമ്പ്നോസ്ഡ്‌ പിറ്റ്‌ വൈപ്പർ എന്ന ഈ പാമ്പിന്റെ വിഷം (വെനം) ഹീമോടോക്സിക്‌ ആണ്‌. ബാധിക്കുന്നത്‌ രക്തത്തെയും (coagulopathy) വൃക്കയുടെ പ്രവർത്തനത്തെയും (Acute renal failure) ആണ്‌. കൃത്യസമയത്ത്‌ വൈദ്യസഹായം തേടിയില്ലെങ്കിൽ മനുഷ്യജീവനു ഹാനികരമാകാം. ശ്രീലങ്കയിൽ ഇതിനെ ഉഗ്രവിഷമുള്ള പാമ്പുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്‌.

ഈ പാമ്പിന്റെ വിഷത്തെ നിർവ്വീര്യമാക്കുന്ന ആന്റിവെനം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. ഒരു കോസ്റ്റാറിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്‌ (Clodomiro Picado Research Institute) ശ്രീലങ്കയ്ക്കു‌ വേണ്ടി ഇതിന്റെ ആന്റിവെനം ഉൽപാദിപ്പിക്കാൻ 2016 നവംബർ മുതൽ ശ്രമിക്കുന്നു.

കടപ്പാട്‌: വിക്കിപീഡിയ, ക്രിട്ടിക്കൽ കെയർ ഡോക്ടേഴ്സ്‌, മാർ സ്ലീവാ മെഡിസിറ്റി.

ക്രിട്ടിക്കൽ കെയർ ഐസിയു വിൽ എത്തിയതിനു ശേഷം തുടർച്ചയായി iv-fluid, ആന്റിബയോട്ടിക്‌ ഇൻജക്ഷൻ ഒക്കെ തന്ന്, ജപ്പാൻ മെയ്ഡ്‌ അത്യാധുനിക കട്ടിലിൽ കിടത്തി. ഹമ്പ്നോസ്ഡ്‌ പിറ്റ്‌ വൈപ്പർ ബൈറ്റ്‌ ആയതുകൊണ്ട്‌ അതിന്റെ വെനം ഹീമോടോക്സിക്‌ ആയതുകൊണ്ടും രക്തം കട്ടപിടിക്കുന്നതിനെയും വൃക്കയെയും ബാധിക്കുമെന്നും 24 മണിക്കൂറിന്‌ ശേഷമായിരിക്കും പ്രകടമാവുക എന്നും ഡോക്ടർ അറിയിച്ചു.

കൃത്യമായ ഇടവേളകളിൽ രക്ത പരിശോധനകൾ നടന്നുകൊണ്ടിരുന്നു. 24 മണിക്കൂറിന്‌ ശേഷം PT INR value ഉയരാൻ തുടങ്ങി.. ഉടൻ തന്നെ വീണ്ടും 5 വയൽ ആന്റിവെനം കൂടി നൽകുകയും 2 ബോട്ടിൽ പ്ലാസ്മ (FFP) നൽകി ഇന്റേണൽ ബ്ലീഡിംഗ്‌ സാധ്യത കുറയ്ക്കുകയും ചെയ്തു. എയർകണ്ടീഷന്റെ കുളിരും അരണ്ട വെളിച്ചവും ചെറിയ ആലസ്യത്തിലങ്ങനെ കിടന്നു.. സമയത്തെപ്പറ്റിയൊരറിവും ഉണ്ടായിരുന്നില്ല, അവിടെ എനിക്കിടത്തുവശത്തായി കിടന്നിരുന്ന വല്യപ്പച്ചൻ രോഗം മൂർച്ഛിച്ച്‌ കർത്താവ്‌ സ്വർഗ്ഗത്തിലൊരുക്കിയ അനേകം വാസസ്ഥലങ്ങളിലൊന്നിലേയ്ക്കും ഇപ്പുറത്തുണ്ടായിരുന്ന അപ്പച്ചൻ അവസ്‌ഥ അൽപം മെച്ചപ്പെട്ട്‌ ആശുപത്രിയുടെ ഏതോ നിലയിൽ മക്കൾ ബുക്ക്‌ ചെയ്ത്‌ വച്ചിരിക്കുന്ന മുറിയിലേയ്ക്കും ഷിഫ്റ്റ്‌ ആയിപ്പോയി..

ഞാൻ ആ മുറിയാകെ നോക്കി, ഒരുപറ്റം മാലാഖമാർ ആ മുറിയാകെ പറന്ന് നടക്കുന്നു.. ഭൂമിയിൽ നിന്നും ആ വല്യപ്പച്ചനെ കൊണ്ടുപോകാൻ വന്ന സ്വർഗ്ഗത്തിലെ മാലാഖമാർ‌ ഇനിയാരെയെങ്കിലും വെയ്റ്റ്‌ ചെയ്യുന്നതാണോ?? അതോ നൈറ്റ്‌ ഷിഫ്‌റ്റ്‌ തീർക്കാൻ ഓടിപ്പാഞ്ഞ്‌ സേവനം ചെയ്യുന്ന ഭൂമിയിലെ മാലാഖമാരാണോ?.. സമയം പോകെ ഒരു മാലാഖ അടുത്തുവന്ന് മൃദുവായി തോളിൽ തട്ടി, ഞാൻ കണ്ണുതുറന്നു.. മാലാഖ തന്നെ, പക്ഷേ ചിറകില്ല, കയ്യിൽ നക്ഷത്രം മിന്നുന്ന വടിക്ക്‌ പകരം ഒരു 10ml സിറിഞ്ച്‌.. രാമപുരംകാരൻ ജിയോ തോമസ്‌. നഴ്സിംങ്‌ കെയർ എന്നതിന്റെ അവസാനവാക്കെന്നപോലെ, ഒരു പിതാവ്‌ മകനോടെന്ന കരുതൽ.. ഷിഫ്റ്റ്‌ മാറി വന്ന രമ്യ മാലാഖയും ഹണി മാലാഖയും എല്ലാം അതുപോലെ തന്നെ.

നഴ്സിംഗ്‌ രംഗത്ത്‌ കേരളം കുതിക്കുന്നത്‌ ചുമ്മാതെയല്ല, നമ്മുടെ നഴ്സുമാർ ശരിക്കും മുത്താണ്‌. കടിയേറ്റ്‌ 2 മണിക്കൂറിനുള്ളിൽ മെഡിക്കൽ സേവനം ലഭ്യമായത്‌ ഏറ്റവും വലിയ ദൈവാനുഗ്രഹം. സിൽസാപ്പി (സിൽസൺ പ്ലാമറ്റം) കൂടെ വന്നതും കൃത്യമായ തീരുമാനങ്ങൾ എടുത്തതും നിർണ്ണായകമായി. പ്രാർത്ഥനയോടെ കാത്തിരുന്ന ജിനു.. ഒരു നിമിഷത്തേയ്ക്കെങ്കിലും പേടിച്ചുപോയ സ്വന്തക്കാർ.. അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ ഓടിവന്ന ചങ്ക്‌ അളിയന്മായായ അജിനോ, റോണി, ജിബിൻ, പിന്നെ സണ്ണിച്ചായൻ,ജോയിച്ചായൻ.. ഡിസ്ചാർജ് ചെയ്യാൻ ഞാൻ വന്നേക്കാമെടാ എന്ന് പറഞ്ഞ രാജു അങ്കിൾ..  എപ്പോഴും വിളിച്ച്‌ അന്വേഷിച്ചുകൊണ്ടിരുന്നവർ, സുഖപ്പെടാൻ പ്രാർത്ഥിച്ചവർ.. സന്ദർശനം കൊണ്ട്‌ ആശ്വസിപ്പിച്ചവർ.. സ്നേഹവും കരുതലും അനുഭവിച്ചത്‌ ഒരുപാടാണ്‌. നന്ദിവാക്കുകൾക്കൊണ്ട്‌ തീരുന്നതല്ല ഒന്നും. മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനത്തെ വളരെ വിലമതിക്കുന്നു.. ഡോക്ടേഴ്സ്‌, നഴ്സുമാർ, മറ്റ്‌ സ്റ്റാഫുകൾ.. കല്യാണ കുർബാനയിൽ ഞാൻ ആകെ പ്രാർത്ഥിച്ചത്‌ തോബിത്തിന്റെ പുസ്തകത്തിൽ നിന്ന് "ഇവളോടൊപ്പം വാർദ്ധക്യത്തിലെത്താൻ ഇടവരണമേ".. എന്ന ഒരേ ഒരു വരി പ്രാർത്ഥനമാത്രമായിരുന്നു.. ഈ സീനുകളൊക്കെ നടക്കുമ്പോ കർത്താവ്‌ അതോർത്ത്‌ കണ്ണടച്ചതാവും, പാവം ജീവിച്ച്‌ പോട്ടെന്ന്.. 

21/02/2022: Hemodynamically stable-Discharged.

സങ്കീർത്തനങ്ങൾ 56:13

‘ഞാൻ ദൈവസന്നിധിയിൽ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെ മരണത്തിൽനിന്നും, എന്റെ പാദങ്ങളെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.’''