പാലായിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി, 2 ഓട്ടോറിക്ഷാ തകർന്നു, അപകടത്തിൽ 2 കാൽനട യാത്രികർക്ക് പരിക്ക്.


പാലാ: പാലായിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് ഉച്ചക്ക് 12 മണിയോടെ പാലാ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്ഡിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയത്.

സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന 2 ഓട്ടോറിക്ഷകൾ അപകടത്തിൽ തകർന്നു. ഈ സമയം ഇതുവഴിയെത്തിയ കാൽനട യാത്രികരായ 2 യുവതികൾക്കും അപകടത്തിൽ പരിക്കേറ്റു. യവരെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സ്റ്റാൻഡിൽ നിന്നും ഓട്ടോ ഡ്രൈവർമാർ മാറി നിൽക്കുകയായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നിയന്ത്രണംവിട്ടു വന്ന കാർ ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ഓടിയെത്തിയ ഡ്രൈവർമാർ കാർ ഡ്രൈവറോട് വിവരങ്ങൾ തിരക്കിയപ്പോഴേക്കും ഇയാൾ ഓട്ടോറിക്ഷ ഡ്രൈവര്മാരോട് മോശമായി സംസാരിക്കുകയും തട്ടിക്കയറുകയുമായിരുന്നു. തുടർന്നു ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.