ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സ്വന്തം വീടിന് മുൻവശത്തുള്ള പൊതുനിരത്തിൽ വസന്തം സൃഷ്ടിച്ച് ഒരു കുടുംബം. പൂക്കളും ചിത്രശലഭങ്ങളും കിന്നാരം പറയുന്ന നയനമനോഹരമായ കാഴ്ചകൾ സമ്മാനിക്കുകയാണ് ഏറ്റുമാനൂർ പട്ടിത്താനം-മണർകാട് ബൈപാസിൽ ചെറുവാണ്ടുരിലെ തുഷാരം വീടിനു മുൻപിലെ റോഡിനോട് ചേർന്നുള്ള സ്ഥലത്തെ പൂന്തോട്ടം.
ഈ വഴി പോകുന്നവർ ആരുമൊന്നു തെല്ലു അമ്പരപ്പോടെ ചിന്തിക്കാറുണ്ട് ഇത്ര മനോഹരമായി ഈ പൂന്തോട്ടം പരിപാലിക്കുന്നതാരെന്നു. ഒരു സംഘടനയോ പ്രസ്ഥാനമോ അല്ല ഈ പൂന്തോട്ടം വെച്ച് പിടിപ്പിച്ചു സംരക്ഷിച്ചു പോരുന്നത്. തുഷാരം വീട്ടിലെ മോഹൻ കുമാർ-ആശ ദമ്പതികളാണ് ഈ മനോഹര കാഴ്ചകൾക്ക് പിന്നിൽ. വെള്ളവും വളവും സമയാസമയങ്ങളിൽ നൽകി പരിപാലിക്കുന്നത് ഇവരാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ റോഡിനു സമീപം പൂന്തോട്ടങ്ങൾ പരിപാലിക്കുന്നുണ്ട്. റോഡും മുറ്റവും തമ്മിൽ വേർതിരിക്കാൻ മതിലുണ്ടെങ്കിലും മതിലിനിപ്പുറമുള്ള റോഡിന്റെ സമീപത്തെ പൂക്കൾക്കും പൂന്തോട്ടങ്ങള്ക്കും പരിപാലനവും വെള്ളവും വളവുമെല്ലാം ഒരു കുറവും വരാതെ മതിലിനപ്പുറത്തു നിന്നുമെത്തും. പത്ത് വർഷത്തോളം സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുകയായിരുന്നു മോഹൻകുമാറിന്റെ ഭാര്യ ആശ.
മക്കളായ ഡോ. വീണയും ഡോ. പൂജയും വഴിയരികിലെ ചെടികൾ നനയ്ക്കാനും സംരക്ഷിക്കാനും ഇരുവർക്കും ഒപ്പമുണ്ട്. വഴിയാത്രക്കാർ പലരും ഇവരെ പരിചയപ്പെടാൻ താല്പര്യം കാണിക്കാറുണ്ട്. വാഹനങ്ങൾ നിർത്തി പലരും സംസാരിക്കുന്നതും ചെടികളുടെ വിത്തുകളും കമ്പുകളും ചോദിക്കുന്നതും ഇവർക്ക് കൂടുതൽ പ്രചോദനം നൽകുന്നു. കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപ്പറേഷൻ ചെയര്പേഴ്സണും ഏറ്റുമാനൂർ സ്വദേശിനിയുമായ ലതികാ സുഭാഷാണ് വഴിയോരത്തെ നയനാന്ദകരമായ കാഴ്ചകൾ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്.